
കൊൽക്കത്ത: പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുള്ള വിജയാഘോഷ റാലികൾക്ക് വിലക്ക്. സംസ്ഥാനത്തുടനീളം ആഘോഷ റാലികൾക്ക് വിലക്കേർപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് എവിടെയും ആഘോഷങ്ങൾ അനുവദിക്കില്ലെന്നും ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുതിർന്ന ഉദ്യോഗസ്ഥൻ സുബ്രത ഗുപ്ത വ്യക്തമാക്കി.
പോളിംഗ് ഏജന്റുമാർക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്താൻ വൈകിയെന്ന പരാതികളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗുപ്ത അറിയിച്ചു. ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില സിസിടിവി ക്യാമറകൾ സാങ്കേതിക പ്രശ്നങ്ങൾ കാരണം കുറച്ചുനേരം പ്രവർത്തനം നിർത്തിയിരുന്നുവെന്നും എന്നാൽ ഈ പ്രശ്നവും പരിഹരിക്കപ്പെട്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിഎം സൂക്ഷിക്കുന്ന സ്ട്രോംങ് റൂമുകൾക്ക് സമീപം വൈദ്യുതിയില്ലെന്നും സിസിടിവികൾ ഓഫ് ചെയ്തു. ഇടയ്ക്കിടയ്ക്ക് സ്ട്രോംങ് റൂമുകളിൽ വാഹനങ്ങൾ വരികയും പോവുകയും ചെയ്യുന്നുവെന്നും മമത ബാനർജി ആരോപിച്ചിരുന്നു. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് എക്സ് അക്കൗണ്ടിലൂടെയാണ് അവർ ആരോപണം ഉന്നയിച്ചത്.

