
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള എംഎല്‍എമാരുടെ പിന്തുണപ്പട്ടിക പുറത്തുവന്നതിനെത്തുടര്‍ന്ന് പരാതിയുമായി ഉദുമ നിയുക്ത എംഎല്‍എ കെ നീലകണ്ഠന്. പുറത്തുവന്ന പട്ടികയില്‍ നീലകണ്ഠന്റെ പേരിന് നേരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. തന്റെ പിന്തുണ രേഖപ്പെടുത്താത്തതില്‍ കെ നീലകണ്ഠന് എഐസിസിക്ക് പരാതി നല്കി. മുഖ്യമന്ത്രി ആരാകണമെന്നതില്‍ തനിക്ക് കൃത്യമായ അഭിപ്യായമുണ്ടെന്നും ,അത് രേഖപ്പെടുത്തിയിരുന്നുവെന്നും നീലകണ്ഠന് പറഞ്ഞു.
അഭിപ്രായം പറഞ്ഞിട്ടുണ്ട്. രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുകുള്‍ വാസ്നിക്കിന് മെയില്‍ അയച്ചു കഴിഞ്ഞു. വ്യക്തമായ നിലപാടുണ്ട്. ആ നിലപാട് അവരെ അറിയിച്ചിട്ടുമുണ്ട് – കെ നീലകണ്ഠന് പറഞ്ഞു.
വി ഡി സതീശന് അനുകൂലമായിരിക്കാം നീലക്ണ്ഡന് അഭിപ്രായം രേഖപ്പെടുത്തിയത് എന്നുള്ള അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ പ്രചരിക്കുന്നുണ്ട്. വി ഡി സതീശന്റെ പേര് നിര്‍ദേശിച്ചവരുടെ വിവരങ്ങള്‍ ആ ലിസ്റ്റിലില്ല എന്നുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെയാണ് എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്തുവന്നത്. ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത് കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി സിദിഖ് ,സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെ സി വേണുഗോപാലിനെ ആണ് പിന്തുണയ്ക്കുന്നത്.അഡ്വ. സജീവ് ജോസഫ്, അഡ്വ ടി. ഒ മോഹനന്, ഉഷ വിജയന്, ടി സിദ്ദിഖ് എന്നിവര്‍ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് പട്ടികയില്‍ കാണുന്നത്. ഐ സി ബാലകൃഷ്ണന് കെസിയേയും ചെന്നിത്തലയേയും പിന്തുണയ്ക്കുന്നതായാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിലെ പട്ടികയില്‍ ആദ്യമുള്ളത് കെ നീലകണ്ഠന്റെ പേരാണ്. ഇതിലാണ് പ്രിഫറന്‍സ് ഒഴിച്ചിട്ടിരിക്കുന്നത്.
ഞായറാഴ്ചയോടെ കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലക്ഷ്യം വയ്ക്കുന്നത്. എഐസിസി നിരീക്ഷകരായ മുകള്‍ വാസനിക്, അജയ് മാക്കന് എന്നിവര്‍ എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം അടങ്ങിയ റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയ്ക്ക് സമര്‍പ്പിച്ചു. നിരീക്ഷകര്‍ സംസ്ഥാനത്തുണ്ടായിരുന്നപ്പോള്‍ നടന്ന പ്രകടനങ്ങളെ ഹൈക്കമാന്‍ഡിനോടുള്ള വെല്ലുവിളിയായി വെല്ലുവിളിയായിട്ടാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

