
വി ഡി സതീശനെ അഭിനന്ദിച്ചെങ്കിലും, അതൃപ്തി പറയാതെ പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.എഐസിസി ജനറല്‍സെക്രട്ടറിയായി തുടരുമോ എന്ന ചോദ്യത്തിന്, നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അതും കൂടി വേണമെങ്കില്‍ താന്‍ കൊടുക്കാമെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെ കെ സി വേണുഗോപാലിന്റെ മറുപടി. ഇതിനിടെ രാഹുല്‍ ഗാന്ധിയുമായി വീണ്ടും കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തുകയാണ്. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതില്‍ കെ സുധാകരനും അതൃപ്തിയിലാണ്. രമേശ് ചെന്നിത്തലയും നേതൃത്വത്തെ അതൃപ്തി അറിയിച്ചെന്നും ഇന്നത്തെ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്നുമാണ് വിവരം.
വി ഡി സതീശനെ അഭിനന്ദിച്ച് കെ സി വേണുഗോപാല്‍ പരസ്യ പ്രതികരണം നടത്തിയെങ്കിലും കെ സി ക്യാമ്പ് അസ്വസ്ഥമാണെന്നാണ് വിവരം. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയെന്ന ഘടകം പരിഗണിക്കാതെ ഭരണപരിചയമില്ലാത്ത വി ഡി സതീശനെ തിരഞ്ഞെടുത്തത് കെ സിക്ക് വേണ്ടി ഈ നാളുകളത്രയും ശക്തമായി വാദിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്ക് നിരാശയായിട്ടുണ്ട്. വി ഡി സതീശന് എല്ലാ പിന്തുണയും നല്‍കും മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പൂര്‍ണ സംതൃപ്തനാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് വന്‍ ഭൂരിപക്ഷം നല്കി കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത്.ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ഹൈക്കമാന്‍ഡ് സതീശന്റെ പേരില്‍ മുദ്രവെച്ചിരിക്കുകയാണ്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചര്‍ച്ചകളില്‍ സജീവമായിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖമായി മുന്നില്‍ നിന്നതും എല്‍ഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതും ശക്തമായ ജനവികാരവുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.

