
വടകര: ബാലവേദി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർത്തികപ്പള്ളിയിൽ നടക്കുന്ന ‘അവധി പൂക്കാലം’ എന്ന ദ്വിദിന ക്യാമ്പിന് സമാപനമായി. പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതത്തെ അറിയാനും, പുതിയ ചിന്തകളെയും സ്വപ്നങ്ങളെയും വിശാലമാക്കാനും, മാനവിക മൂല്യ ങ്ങളും സാമൂഹിക ബോധവും വളർത്താനും കുട്ടികൾക്കൊരു മനോഹര അവസരമാണ് ഈ ക്യാമ്പ്. നേതൃത്വവും സൗഹൃദവും സഹജീവിതവും വളർത്തുന്ന ഈ കൂട്ടായ്മ കാർത്തികപ്പള്ളി സ്കൂളിൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയി ഉത്തര മനോജ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർ മാൻ ഉസ്മാൻ പിണങ്ങോട്ട് അധ്യ ക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ വി ജയ്ദീപ് സ്വാഗതം പറഞ്ഞു. ‘അറിയാം അടുക്കാം’ എന്ന ആദ്യ സെഷൻ ക്രിയേറ്റീവ് ഡ്രാമ ഫെസിലിറ്റേറ്ററും അധ്യാപകനുമായ എം കെ ഷിബിൻ നേതത്വം നൽകി. ‘ചിത്രവും ശിൽപവും’ എന്ന രണ്ടാം സെഷൻ രമേശ് രഞ്ജനം, പവിത്രൻ ഒതയോത്ത് എന്നിവർ നയിച്ചു.

‘ടീച്ചറും കുട്ട്യോളും’ എന്ന മൂന്നാം സെഷന് വിക്ടേഴ്സ് ചാനൽ ഫെയിം അധ്യാപിക എസ് സന്ധ്യ നേതൃത്വം നൽകി. ‘നാടൻ പാട്ടും നറുമൊഴിയും’ എന്ന നാലാം സെഷൻ നാടൻപാട്ട് കലാകാരനായ അധ്യാപകൻ സജീവൻ ചെമ്മരത്തൂർ നയിച്ചു. തുടർന്ന് രാത്രി 8.30 ഓടെ ക്യാമ്പ് ഫയർ ഒരുക്കി. മെയ് 13 ന് രാവിലെ 9 മണിക്ക് തുടങ്ങിയ ‘അരങ്ങിലെ ആരവങ്ങൾ’ എന്ന സെഷൻ കെപിഎസി നടൻ ഷിനിൽ വടകര ക്ളാസ്സെടുത്തു. ക്യാമ്പിലെത്തിയ കുട്ടികളെ നിരീക്ഷിക്കുകയും അവരെ മൂന്നു മണിക്കൂർ കൊണ്ട് അവരുടെ വിസ്മയാഭിനയം കാഴ്ച്ചവെക്കുന്നതിൽ ഷിനിൽ മാസ്റ്ററുടെ പങ്ക് എറെ ശ്രദ്ധേയമായി.
ലിനീഷ് മണിയൂർ നയിച്ച ‘കളിയിൽ ഇത്തിരി ഇംഗ്ലീഷ്’ എന്ന സെഷൻ കഴിഞ്ഞതോടെ കൊച്ചു കുഞ്ഞുങ്ങൾ പരസ്പരം പറയുന്നതൊക്കെ ഇംഗ്ലീഷ് മയമായി. സനീഷ് വടകര ഒരുക്കിയ ‘മാജിക് & മെന്റലിസം ഷോ’ കുട്ടികളെ ശരിക്കും അമ്പരപ്പിച്ചു.
വൈകീട്ട് നടന്ന ക്യാമ്പ് സമാപന ചടങ്ങ് വാർഡ് മെമ്പർ ഒ എം വിജിന ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് & ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ശ്രീയാൻ ശ്രീലേഷിന് ഒ എം വിജിന ഉപഹാരം സമർപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഒ എം അശോകൻ അധ്യക്ഷത വഹിച്ചു. എൻ എം ബിജു ആശംസകൾ നേർന്നു. ജനറൽ കൺവീനർ ടി പി റഷീദ് സ്വാഗതവും ട്രഷറർ എം സുനിൽകുമാർ നന്ദിയും പറഞ്ഞു.

