
വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ പ്രതികരണവുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. സർക്കാർ യാത്ര സൗജന്യമാക്കിക്കോട്ടെ. എന്നാൽ ടിക്കറ്റ് ചാർജ് സർക്കാർ കെഎസ്ആർടിസിക്ക് നൽകണം. ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും. ഇത് സർക്കാർ നൽകണം. ഡീസൽ അടിക്കാൻ കാശില്ലാത്തതിന്റെ പേരിൽ പൂട്ടാനിരുന്ന സ്ഥാപനമാണ് KSRTC. സൗജന്യ യാത്രയ്ക്ക് സർക്കാർ പണം കണ്ടെത്തിയില്ലെങ്കിൽ കെഎസ്ആർടിസി പൂട്ടേണ്ടി വരുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
കേരളത്തിൽ ഈ പദ്ധതി നടപ്പാക്കിയാൽ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും അദ്ദേഹം കണക്കുകൂട്ടി അവതരിപ്പിച്ചു. കെഎസ്ആർടിസിയിലെ ടിക്കറ്റ് വരുമാനത്തിന്റെ പകുതി സബ്സിഡിയായി നൽകിയാൽ പ്രതിദിനം രണ്ട് കോടി രൂപ ചെലവ് വരും. എന്നാൽ, പദ്ധതി വരുമ്പോൾ സ്വകാര്യ ബസുകളിലെ വനിതാ യാത്രക്കാരും കെഎസ്ആർടിസിയിലേക്ക് മാറാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പ്രതിദിന ചെലവ് 2.5 മുതൽ 2.75 കോടി രൂപ വരെയായി ഉയർന്നേക്കാം.
അതായത് പ്രതിമാസം 75 മുതൽ 82 കോടി രൂപ വരെ ഇതിനായി മാത്രം കണ്ടെത്തേണ്ടി വരും. നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 100 കോടിക്ക് പുറമെ ഈ തുക കൂടി ചേർത്താൽ പ്രതിമാസം 175-182 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടി വരും. എന്നാൽ ഈ സൗജന്യ യാത്രയുടെ ഭാരം കെഎസ്ആർടിസിയുടെ തലയിൽ വയ്ക്കരുതെന്നും, സബ്സിഡി തുക നൽകാൻ വൈകിയാൽ ഡീസൽ അടിക്കാൻ പണമില്ലാതെ സർവീസുകൾ വെട്ടിച്ചുറയ്ക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് ജീവനക്കാരുടെയും ജനങ്ങളുടെയും പ്രതിഷേധത്തിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

