
ഇന്ത്യൻ റെയിൽവേ ശൃംഖലകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ വൃത്തി എക്കാലത്തും യാത്രക്കാരെ ആശങ്കപ്പെടുത്തുന്ന ഒരു ഗുരുതരമായ പ്രശ്നമാണ്. ട്രെയിനുകളിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ മോശം നിലവാരത്തെയും അമിത വിലയീടാക്കലിനെയും ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി സംഭവങ്ങളും വീഡിയോകളും വർഷങ്ങളായി പുറത്തുവരുന്നുണ്ട്. ഈ ആശങ്കാജനകമായ സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
ആരോഗ്യത്തിനും ശുചിത്വത്തിനും മുൻഗണന നൽകുന്ന ഏതൊരാളെയും ഞെട്ടിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിന്റെ തറയിലിരിക്കുന്ന സമൂസ വിൽക്കുന്ന കച്ചവടക്കാരനാണ് വീഡിയോയിലുള്ളത്. വിൽപ്പനയ്ക്കായി വെച്ചിരിക്കുന്ന സമൂസകൾ നിറഞ്ഞ തുറന്ന പാത്രത്തിന് മുകളിൽ കാലുകൾ കയറ്റിവെച്ച്, ഫോണിൽ സംസാരിച്ചുകൊണ്ടാണ് ഇയാൾ ഇരിക്കുന്നത്. വണ്ടിയിലെ വാഷ് ബേസിന് താഴെയായി, തികച്ചും അഴുക്കുപിടിച്ച വാതിലിനടുത്തുള്ള ഭാഗത്താണ് ഈ കച്ചവടക്കാരൻ ഇരിക്കുന്നത്.

