
കാപ്പാ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ വീണ്ടും കേസ്. പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാപ്പാ കേസ് ആയതുകൊണ്ടാണ് വിചാരണയില്ലാതെ ജയിലിലേക്ക് മാറ്റിയത്. പ്രതിയെ പിടികൂടാന്‍ പോയപ്പോള്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു വെന്നും അതുകൊണ്ട് വട്ടിയൂര്‍ക്കാവ് ഇന്‍സ്പെക്ടര്‍ ആകാശത്തേക്ക് വെടിവെച്ചുവെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു. എസിപിയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ്കാര്‍ക്ക് മര്ര്ദനമേറ്റിട്ടുണ്ട്. സുഗതന്റെ ഭാര്യയുടെ പരാതി അന്വേഷിക്കും.
ഇന്നലെ രാത്രി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സുഗതനെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്. സുഗതന്റെ അനുയായികള്‍ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയും സംഘവും പ്രതിയെ പിടികൂടിയത്. സംഘര്‍ഷത്തില്‍ എസ്എച്ച്ഒ വിപിനും എസ് ഐ അഭിജിത്തിനും പരുക്കുണ്ട്.
അതേസമയം, തന്നെയും കുടുംബത്തെയും പോലീസ് ആക്രമിച്ചു എന്നാണ് സുഗതന്റെ ആരോപണം. വീട്ടില്‍ കയറി തന്നെയും മക്കളെയും മര്‍ദ്ദിച്ചു എന്നും അസഭ്യം പറഞ്ഞുവെന്നും സുഗതന്റെ ഭാര്യയും ആരോപിക്കുന്നു. എന്റെ 14 വയസും എട്ടുവയസുമുള്ള മക്കളുടെ മുന്നില്‍ വച്ച് തള്ളിക്കയറി വന്ന് ഉപദ്രവിക്കുകയായിരുന്നു. താലിമാല വലിച്ച് പൊട്ടിച്ചുകൊണ്ടുപോയി. തിരികെ തന്നിട്ടില്ല. മുഖത്തടിച്ചു. മുതുകില്‍ ചവിട്ടി. വനിതാ പൊലീസ് പോലും ഇല്ലാതെയാണ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. അശ്വതി പറഞ്ഞു.

