
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചിച്ച് ഇന്ത്യൻ സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ. തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, നടൻ സൂര്യ, രാധിക ശരത്കുമാർ എന്നിവർ ഭാരതിരാജയുടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. ഭാരതിരാജയുടെ സംവിധാനത്തിൽ ‘ആരാധന’ എന്ന ചിത്രത്തിൽ ‘പുലിരാജു’ എന്ന കഥാപാത്രമായി അഭിനയിക്കാൻ കഴിഞ്ഞത് തന്റെ വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് തെലുങ്ക് താരം ചിരഞ്ജീവി സമൂഹമാധ്യത്തിൽ കുറിച്ചു. സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും, ലളിതജീവിതവും, കലയോടുള്ള സമർപ്പണവും തന്റെ മനസിൽ മായാത്ത മുദ്രയാണ് പതിപ്പിച്ചതെന്നും ചിരഞ്ജീവി പോസ്റ്റിൽ പറയുന്നു. തമിഴ് സിനിമാ പ്രേക്ഷകരുടെ മാത്രമല്ല, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കാൻ ഭാരതിരാജയ്ക്ക് കഴിഞ്ഞുവെന്ന് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും അഭിപ്രായപ്പെട്ടു.ഭാരതിരാജയുടെ ദീർഘവീക്ഷണമുള്ള കഥപറച്ചിലും, കലാപരമായ മികവും, അതുല്യമായ സംഭാവനകളും ചലച്ചിത്ര മേഖലയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലും മായാത്ത മുദ്രയാണ് പതിപ്പിച്ചിട്ടുള്ളതെന്നാണ് അനുശോചന കുറിപ്പിൽ നടൻ ആർ. ശരത്കുമാർ കുറിച്ചത്.

