
പിളർപ്പിനെ തുടർന്ന് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് വിമത എംപിമാർ ലോക്സഭാ സ്പീക്കർക്ക് നൽകിയ കത്ത് പുറത്ത്. പ്രത്യേക ബ്ലോക്ക് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് 19 വിമത എംപിമാർ നൽകിയ കത്താണ് പുറത്ത് വന്നത്. നിലവിൽ 28 എംപിമാരാണ് ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിന്.
യൂസുഫ് പഠാൻ, സയോനി ഘോഷ്, കാകോലി ഘോഷ് ദസ്തിദാർ തുടങ്ങിയവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രത്യേക വിഭാഗമായി പ്രവർത്തിക്കാനാണ് വിമതരുടെ പദ്ധതി. അതിനിടെ വ്യാജ ഒപ്പ് കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ സിഐഡി അഭിഷേക് ബാനർജിക്ക് സമൻസ് നൽകി. ഞായറാഴ്ച ഹാജരാകണം എന്നാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസം അഞ്ചുമണിക്കൂർ ചോദ്യം ചെയ്തിരുന്നെങ്കിലും അഭിഷേകിന്റെ ഉത്തരങ്ങളിൽ വ്യക്തത ഇല്ലെന്നും,പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം അഭിഷേക് നൽകിയില്ല എന്നുമാണ് സിഐഡി വാദം. അതേസമയം അഭിഷേക് ബാനർജിക്ക് എതിരെ രംഗത്ത് വന്ന കല്യാൺ ബാനർജിയെ അനുനയിപ്പിക്കാൻ മമത നീക്കങ്ങൾ ആരംഭിച്ചു.

