
ഹൈക്കോടതിയിലെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാര്‍ യൂടേണടിച്ചതിന് പിന്നാലെ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ മുളീധരന്‍. ഭക്തര്‍ക്ക് സംശയം ഉണ്ടായതിനാലാണ് കെ ബി പ്രദീപിനോട് പ്ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന് പറഞ്ഞു.പ്രശസ്തനായ ക്രമിനല്‍ ലോയര്‍ എന്ന നിലയ്ക്ക് കേസ് നന്നായി വാദിക്കും എന്ന ഉദ്ദേശ്യത്തിലായിരിക്കും നിയമനം. ഇത് വിവാദമായപ്പോള്‍ ഭക്തജനങ്ങള്‍ക്ക് വളരെയധികം പ്രയാസമുണ്ടായി. എനിക്ക് തന്നെ ഇന്നലെ ഒരുപാട് ഫോണ്‍കോള്‍ വന്നു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ സ്വര്‍ണക്കൊള്ള പുറത്ത് വരുമെന്നുള്ള പ്രതീക്ഷയുണ്ട്, ഈ വക്കീലിനെ വച്ചത് ഞങ്ങളുടെ പ്രതീക്ഷ ഇല്ലാതാക്കുന്നു എന്നുള്ള ഭക്തജനങ്ങളുടെ വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയാണ് അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടത്. സദുദ്ദേശ്യത്തോടെ ചെയ്തതാണെങ്കിലും ഭക്തജനങ്ങള്‍ക്ക് സംശയമുണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടു. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം ഏതെങ്കിലുമൊരാളുടെ തലയില്‍ കെട്ടിവെക്കുന്ന പതിവ് യുഡിഎഫിനില്ല. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂട്ടുത്തരവാദിത്തമാണ് – അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്‍പാകെ ഹാജരായത് കെ ബി പ്രദീപാണ്.
സ്മാര്‍ട്ട് ക്രീയഷേന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചിട്ടില്ല എന്നായിരുന്നു പ്രധാന വാദം. പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി എത്തുന്നതില്‍ നിയമപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ധാര്‍മികതയാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.
നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നുമായിരുന്നു ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രതികരണം. വിവാദങ്ങള്‍ക്കിടയില്‍ കെ ബി പ്രദീപ് ചുമതലയേല്‍ക്കുകയും ചെയ്തു. അനാവശ്യമായി വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു കെ വി പ്രദീപിന്റെ നിലപാട്.

