
അയോധ്യ രാമക്ഷേത്ര സംഭാവനകൾ കാണാതായെന്ന ആരോപണം, ആശങ്കകൾ ഉന്നയിച്ച് സുപ്രീം കോടതിക്ക് കത്തയച്ചു. സംഭാവനകളുടെ ദുരുപയോഗത്തെക്കുറിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിക്കണം. കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യം.അഭിഭാഷകൻ അനൂപ് പ്രകാശ് അവസ്തിയാണ് കത്തയച്ചത്. സംഭാവനകൾ സംരക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ജുഡീഷ്യൽ മേൽനോട്ടം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.അതേസമയം ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘ (എസ്ഐടി) ത്തിന് രൂപം നൽകി. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ലക്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരാണ് അംഗങ്ങൾ. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോർട്ടും 15 ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ സർക്കാർ എസ്ഐടിക്ക് നിർദേശം നൽകി.
ഒരാഴ്ച മുൻപാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽനിന്ന് സംഭാവന വെട്ടിച്ചുവെന്ന ആരോപണം ഉയർന്നത്. ഇതേ തുടർന്ന് രാമക്ഷേത്രം നടത്തിപ്പുകാരായ ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ലോക്കൽ പൊലീസിൻ്റെ അനൗദ്യോഗിക പിന്തുണയോടെ നടത്തിയ അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ ട്രസ്റ്റ് അധികൃതർ ചോദ്യംചെയ്തതായും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊതുജന രോഷം ഉയർന്നതോടെ ആണ് ക്ഷേത്രം ട്രസ്റ്റ്, സംസ്ഥാന സർക്കാരിനെ സമീപിച്ചത്.
അന്വേഷണത്തിൻ്റെ ഭാഗമായി എസ്ഐടി സംഘം വൈകാതെ രാമക്ഷേത്രത്തിൽ എത്തി രേഖകൾ പരിശോധിക്കും. ഇതുവരെ ശേഖരിച്ച തെളിവുകളും എസ്ഐടി തേടും. ക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തിരുന്ന രീതിയും എസ്ഐടി വിലയിരുത്തും. സംഭാവന കൈകാര്യം ചെയ്തിരുന്ന ക്ഷേത്രത്തിലെ ജീവനക്കാരെല്ലാം നിരീക്ഷണത്തിലാണ്

