
സ്വകാര്യത ലംഘിക്കുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന മൊബൈൽ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തഹ്ലിയ എംഎൽഎ. മാധ്യമങ്ങളെന്ന വ്യാജേന എത്തി സ്വകാര്യത ലംഘിക്കുന്നു. തിരിച്ചറിയൽ അടയാളങ്ങളില്ലാതെ എത്തി ദൃശ്യങ്ങൾ പകർത്തുന്നു. സ്വാഭാവിക ഇടപെടലുകളും സംഭാഷണങ്ങളും വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു.ഇത്തരം ചാനലുകൾ തന്റെ പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമല്ലെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കില്ല. ഇത് തന്റെയും കൂടെയുള്ളവരുടെയും സ്വകാര്യതയിലേക്കുള്ള അതിക്രമം. പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പ്
എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ പ്രവർത്തനങ്ങളോട്: ഒരു ജനപ്രതിനിധി എന്ന നിലയിൽ, ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അത്തരം പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്.
എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയൽ അടയാളങ്ങളുമില്ലാതെ “മീഡിയ” എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുകയും ചിത്രീകരണങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ചവർ, ആരാണ് അനധികൃതമായി ഇടപെടുന്നവർ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.

