
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് മാനിഫെസ്റ്റോയില്‍ പറഞ്ഞിരുന്നുവല്ലോ എന്നും പിന്നെ ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതെങ്ങനെയെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനവികാരം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും വി എം സുധീരന് മാധ്യമങ്ങളോട് പറഞ്ഞു. ഭാവനാ സമ്പന്നമായ നിരവധി കര്‍മ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച ബജറ്റ്. പക്ഷേ ഒന്ന് രണ്ട് കാര്യങ്ങളില്‍ നമ്മുക്കൊരു വിയോജിപ്പ് വന്നിട്ടുണ്ട്. അദ്ദേഹത്തിനോട് ഇക്കാര്യങ്ങള്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും കത്തിന്റെ രൂപത്തില്‍ അയയ്ക്കുകയും ചെയ്തു. പല സന്നദ്ധ സംഘടനകളും ഇതില്‍ അഭിപ്രായം പ്രകടിപ്പിച്ച് കഴിഞ്ഞു. ജനവികാരം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു’. വി എം സുധീരന് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനും ഇന്ന് വി എം സുധീരന് മറുപടി പറഞ്ഞു. ഒരു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയില്‍ ഒരിക്കലും നടത്താന്‍ പാടില്ലാത്ത പദപ്രയോഗങ്ങളാണ് വെള്ളാപ്പള്ളി ഉപയോഗിച്ചതെന്നും സുധീരന് കുറ്റപ്പെടുത്തി. കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ കെ മഹേശന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെ വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശം നടത്തിയത്. വി എം സുധീരന് സര്‍ക്കാരിന്റെ കാലനെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. വെള്ളാപ്പള്ളി പരിഭ്രാന്തനായത് പോലെയാണ് തനിക്ക് തോന്നുന്നതെന്ന് വി എം സുധീരന് പറഞ്ഞു. വെള്ളാപ്പള്ളിയോട് തനിക്ക് യാതൊരു വ്യക്തിവിരോധവുമില്ല. എങ്കിലും അദ്ദേഹത്തിന്റെ നയങ്ങളോട് ശക്തമായ വിയോജിപ്പുണ്ട്. വെള്ളാപ്പള്ളിയുടെ ശൈലി ആ പദവിക്ക് ചേര്‍ന്നതല്ലെന്നും വി എം സുധീരന് വിമര്‍ശിച്ചു.

