
ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥി സാവരിയ ബസന്ത് നേരിട്ടത് മണിക്കൂറുകള്‍ നീണ്ട പീഡനവും0 അതിക്രമവുമെന്ന് തെളിയിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സാവരിയയുടെ ശരീരത്തിലാകെ ചതവുകളും മുറിവുകളുമുണ്ട്. മണിക്കൂറുകളോളം, ഏകദേശം ഒരു ദിവസം മുഴുവന്‍ സാവരിയയെ കൊലയാളി ഉപദ്രവിച്ചിരിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത്രയും യാതനകള്‍ സഹിച്ചിട്ടും ഓടിപ്പോകാന്‍ കഴിയാത്ത വിധത്തില്‍ സാവരിയയെ പ്രതി പൂട്ടിയിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. ചവിട്ടും ഇടിയുമേറ്റതിന്റെ പാടുകളുണ്ട് സാവരിയയുടെ ശരീരമാസകലം. ഈ ചതവിന്റെ പാടുകളെല്ലാം കൊല്ലപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് മാത്രം ഉണ്ടായവയാണ്. അതിനാല്‍ തന്നെ സാവരിയയെ ക്രൂരമായി ആക്രമിച്ച ശേഷം തലയ്ക്കടിച്ച് കൊന്നതാകാമെന്ന് പൊലീസ് അനുമാനിക്കുന്നു. കൊലപ്പെടുത്താന്‍ മൂര്‍ച്ചയുള്ള ആയുധമൊന്നും ഉപയോഗിച്ചിട്ടില്ല. മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ഒപ്പം പഠിക്കുന്ന സദറുല്‍ അനം ലാപ്ടോപ്പ് കൊണ്ട് അടിച്ചാണ് സാവരിയയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ഒറ്റ നിമിഷത്തെ പ്രകോപനത്തിന്റെ പേരില്‍ തലയ്ക്കടിച്ചതല്ലെന്നും ക്രൂരമായി മണിക്കൂറുകളോളം ഉപദ്രവിച്ച ശേഷമാണ് കൊല നടത്തിയതെന്നുമുള്ള സാവരിയയുടെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍.
പ്രതി സാദറുല്‍ അനം മുമ്പും ഉപദ്രവിച്ചിരുന്നതായാണ് കുടുംബം സംശയിക്കുന്നത്. സംഭവത്തില്‍ പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രതി സാദറുല്‍ അനാമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ട 22 വയസുകാരി സാവരിയ ബസന്തും 23 കാരനായ പ്രതി സദാറുല്‍ അനമും.

