
മുക്കാളി, 2026 ഓഗസ്റ്റ് 13: മീത്തലെ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് നടക്കുന്ന ജനകീയ സമരം ഇന്ന് 52-ാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തൽ സന്ദർശിച്ച SDPI സംസ്ഥാന വൈസ് പ്രസിഡണ്ട് പി. അബ്ദുൽ ഹമീദ് മാസ്റ്റർ സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ആവേശം പകരുകയും ചെയ്തു.
സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം, “ആയിരങ്ങൾ തൊഴിലെടുക്കുന്ന ചോമ്പാൽ ഹാർബറിന്റെ സുഗമമായ പ്രവർത്തനത്തിന് പോലും വിലങ്ങുതടിയാകാതിരിക്കാൻ മീത്തലെ മുക്കാളിയിൽ അടിപ്പാത അനുവദിക്കുകയാണ് ഏക പരിഹാരമെന്നും ജനങ്ങളുടെ ന്യായമായ ആവശ്യം സർക്കാർ ഉടൻ പരിഗണിക്കുകയും ആവശ്യം നടക്കും വരെ സമരം ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. സമരം കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ “അണ മുട്ടിയാൽ ചേരയും കടിക്കും” എന്ന കാര്യം അധികൃതർ ഓർക്കണം” എന്നും അദ്ദേഹം കൂട്ടി ചേർത്തു. യോഗത്തിൽ RMP പ്രതിനിധി വി.പി. പ്രകാശൻ, അഴിയൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് മെമ്പർ റാജിഷ സജീർ, വിമൻ ഇന്ത്യ മൂവ്മെന്റ് വടകര മണ്ഡലം സെക്രട്ടറി അഫീറ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ ആനിക്ക സുരേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ എം.വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

