
2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ – ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ നീക്കം. അടുത്തമാസത്തോടെ മൈത്രി, മിതാലി, ബന്ദന് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയാകും. ഇന്റര്‍ – ഗവണ്മെന്റല് റെയില്‍വേ മീറ്റിങ്ങിന്റെ ഭാഗമായാണ് ചര്‍ച്ച. ഇരുരാജ്യങ്ങളുടെയും റെയില്‍വേ അധികൃതരും മന്ത്രിതല പ്രതിനിധികളും ഭാഗമാകുന്ന ചര്‍ച്ചയില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുറമേ റെയില്‍വേയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ചരക്കുനീക്കം എന്നിവയെ കുറിച്ചും സംവദിക്കും. വര്‍ഷാവര്‍ഷം നടക്കുന്ന ചര്‍ച്ചയില്‍, 2024ന് ശേഷം ആദ്യമായാണ് പാസഞ്ചര്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്ന വിഷയം പരിഗണിക്കുന്നത്. കൊല്‍ക്കത്ത, ന്യൂജല്‍പായിഗുരി എന്നിവടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാകും അടുത്ത മാസം ആദ്യത്തോടെ ആരംഭിക്കുക എന്നാണ് വിവരം. 2024 ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ശേഷം ബംഗ്ലാദേശ് വീണ്ടും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2024 ജൂലായ് 19നാണ് പാസഞ്ചര്‍ ട്രെയിന്‍ യാത്രകള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്.
ചൊവ്വാഴ്ചയാണ് റെയില്‍വേ ഉദ്യാഗസ്ഥരുടെ കൂടിക്കാഴ്ച ആരംഭിക്കുന്നത്. പുതിയ റൂട്ടുകളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജ്ഷാഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പുതിയ സര്‍വീസ് വേണമെന്ന നിര്‍ദേശമാണ് ബംഗ്ലാദേശ് മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് വിവരം. ഷെയ്ഖ് ഹസീനയുടെ കാലഘട്ടത്തില്‍ നിര്‍മിച്ച പത്മ പാലത്തിലൂടെ ധാക്ക മുതല്‍ കൊല്‍ക്കത്തവരെ മൈത്രീ എക്സ്പ്രസിന്റെ സര്‍വീസ് പുനക്രമീകരിക്കണമെന്ന ആവശ്യവും ബംഗ്ലാദേശ് ഉയര്‍ത്തിയിട്ടുണ്ട്. ഇത്രയും കാലം ജമുന പാലത്തിലൂടെയായിരുന്നു ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള വായ്പ ഉപയോഗിച്ച് നിര്‍മാണം നടത്തിവന്നിരുന്ന റെയില്‍വേ പദ്ധതികളും ചര്‍ച്ചാവിഷയമാകും എന്നാണ് വിവരം. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ് 200 ബ്രാഡ് – ഗേജ് റെയില്‍വേ കോച്ചുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിന്റെ ആദ്യ ഡെലിവറി നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. 915 കോടിയുടെ ഡീല്‍ 2027 ഡിസംബറോടെ പൂര്‍ത്തിയാകും.

