
ചരിത്രത്തില്‍ ആദ്യമായി മെസ്സിയും റൊണാള്‍ഡോയും ഒരേടീമില്‍ കളിക്കാന്‍ അവസരമൊരുങ്ങുന്നു. ഈവര്‍ഷം അവസാനമായിരിക്കും ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്ന ആ മത്സരം. ഗോളും കിരീടങ്ങളും റെക്കോര്ഡുകളമായി കളിക്കളം അടക്കിവാണ മെസ്സിയും റോണോയും പലതവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്, എന്നാല്‍ ഇന്നേവരെ ഒരേടീമില്കളിച്ചിട്ടില്ല. കരിയറിന്റെ അവസാന നാളുകളിലൂടെ കടന്നുപോകുന്ന ഇരുവരും ചരിത്രത്തില്‍ ആദ്യമായി ഒരേ ജഴ്സി അണിഞ്ഞ് പന്തുതട്ടാനിറങ്ങാന്‍ സാധ്യത.
അര്‍ജന്റൈന്‍ താരം കാര്‍ലോസ് ടെവസാണ് ഈ അപൂര്‍വ നിമിഷത്തിന് അവസരമൊരുക്കുന്നത്. തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ മെസ്സിയും റൊണാള്‍ഡോയും ഒരുമിച്ച് കളിക്കാന്‍ ഇറങ്ങുമെന്ന് ടെവസ് അവകാശപ്പെടുന്നു. ഡിസംബറില്‍ ബ്യൂണസ് അയേഴ്സിലെ ലാ ബൊംബൊനേര സ്റ്റേഡിയത്തിലാണ് ടെവസിന്റെ വിടവാങ്ങല്‍ മത്സരം നടക്കുക. മെസ്സിയോടൊപ്പം അര്‍ജന്റീന ദേശീയ ടീമിലും റൊണാള്‍ഡോയ്ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും കളിച്ചിട്ടുളള താരമാണ് ടെവസ്.

ഇതുകൊണ്ടുതന്നെ ഇരുതാരങ്ങളുമായും ടെവസിന് അടുത്ത ബന്ധമുണ്ട്. തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ മെസ്സിയെയും റൊണാള്‍ഡോയെയും ഒരുമിച്ച് കളിപ്പിക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും, മത്സരത്തില്‍ പങ്കെടുക്കാന്‍ ഇരുവരും സമ്മതിച്ചുവെന്നും ടെവസ് പറയുന്നു. മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഒപ്പം ഫുട്ബോള്‍ ലോകത്തെ മറ്റ് പ്രധാന താരങ്ങളേയും ടെവസ് തന്റെ വിടവാങ്ങല്‍ മത്സരത്തിനായി ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ മെസ്സിയോ റൊണാള്‍ഡോയോ ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തെക്കുറിച്ച് ഒന്നുംപറഞ്ഞിട്ടില്ല.

