
കോഴിക്കോട് റൂറൽ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായി “അഭിനന്ദന ദിനം” സംഘടിപ്പിച്ചു. ഇന്ന് (28-09-2026) കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ട്രെയിനിങ് സെന്ററിൽ വച്ചാണ് പരിപാടി നടന്നത്. വിവിധ സാഹചര്യങ്ങളിൽ ധീരതയും ജാഗ്രതയും മാനവിക മൂല്യങ്ങളും പ്രകടിപ്പിച്ച് മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥരെയാണ് ഈ മാസം ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനപത്രത്തിന് അർഹരാക്കിയത്.
സംശയാസ്പദമായ വാഹനത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുന്നതിന് നിർണായകമായ ജാഗ്രതയും സമയോചിതമായ ഇടപെടലും നടത്തി മാതൃകാപരമായ സേവനം കാഴ്ചവെച്ച എടച്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉണ്ണി, മയക്കുമരുന്ന് കേസിൽ പ്രതിയെ നിയമാനുസൃതമായി അറസ്റ്റ് ചെയ്യുന്നതിന് നിർണായക പങ്കുവഹിച്ച കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കിരൺ, തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനെ സമയോചിതമായി രക്ഷപ്പെടുത്തി ജീവൻ സംരക്ഷിച്ച മാനവിക സേവനത്തിന് കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രദീപ് കെ.സി., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജിനേഷ് കുര്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഡിനു ബേബി, സിവിൽ പോലീസ് ഓഫീസർ അഖിലേഷ് യു.വി., പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടാൻ ശ്രമിച്ച യുവതിയെയും കൈക്കുഞ്ഞിനെയും ധീരമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി സുരക്ഷിതരാക്കുകയും യുവതിയുടെ മാനസികാരോഗ്യാവസ്ഥ പരിഗണിച്ച് ആവശ്യമായ ചികിത്സയും തുടർപരിചരണവും ഉറപ്പാക്കുകയും ചെയ്ത കൊടുവള്ളി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രതീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ ബിജിനി, സിവിൽ പോലീസ് ഓഫീസർ ബബീഷ് കെ.കെ. എന്നിവരാണ് ഈ മാസം കോഴിക്കോട് റൂറൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനപത്രത്തിന് അർഹരായത്.
പരിപാടിയിൽ ഡി.വൈ.എസ്.പി. (സ്പെഷ്യൽ ബ്രാഞ്ച്) ജി. ബാലചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഡി.വൈ.എസ്.പി. (കൺട്രോൾ റൂം, വടകര) രമേശൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി മെറിൻ ജോസഫ്, ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് അഭിനന്ദനപത്രങ്ങൾ വിതരണം ചെയ്തു. എ.എസ്.പി. പേരാമ്പ്ര ശ്രീമതി ആരതി, ഐ.പി.എസ്., ഡി.വൈ.എസ്.പി. വടകര ബിജു കെ.കെ., ഡി.വൈ.എസ്.പി. നാദാപുരം മനോജ് പി.എം., ഡി.വൈ.എസ്.പി. താമരശ്ശേരി ബോസ് കെ.എ. എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ.പി. സ്പെഷ്യൽ ബ്രാഞ്ച്, കോഴിക്കോട് റൂറൽ ശ്രീകുമാർ നന്ദി രേഖപ്പെടുത്തി. പോലീസുകാരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു

