
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്താണ് യോഗ്യത? ആർക്കൊക്കെ മത്സരിക്കാം? ആരാണ് മത്സരിക്കാൻ പാടില്ലാത്തവർ? ഇങ്ങനെ ഒരുപാടു കാര്യങ്ങളിൽ പലർക്കും സംശയമുണ്ടായേക്കാം. വെള്ളിയാഴ്ച മുതൽ പത്രികാ സമർപ്പണം ആരംഭിക്കുകയാണ്. സ്ഥാനാർഥി ക്കുപ്പായം തയ്പിച്ച് പത്രിക നൽകാൻ പോകുന്ന മുന്നണികളോ, സ്വതന്ത്രരോ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് ‘ചിത്ര’ത്തിലുണ്ടാകില്ല. ഇതിന് വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കുലർ ഇറക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാൾക്ക് അതത് തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടാകണം. നാമനിർദേശ പത്രിക നൽകുന്ന ദിവസം 21 വയസ്സ് തികയണം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടറായിരിക്കണം.

സംവരണ സീറ്റിൽ മത്സരിക്കുന്നവർ തഹസിൽദാരിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നൽകണം. അങ്കണവാടി ജീവനക്കാർ, ആശപ്രവർത്തകർ എന്നിവർക്ക് പഞ്ചായത്ത്, നഗരസഭ, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാം. എന്നാൽ, സാക്ഷരതാ പ്രേരക്മാർക്ക് ഗ്രാമപ്പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർക്ക് മത്സരിക്കാം.
ഇവർ മത്സരിച്ചാൽ പണി പാളും…
കേന്ദ്ര-സംസ്ഥാന സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളിലെയോ അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയോ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മത്സരിക്കാനാകില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാർക്കും മത്സരിക്കാനാകില്ല.

സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലെയോ സർവകലാശാലയിലെയോ ജീവനക്കാർക്കും സ്ഥാനാർഥിയാകാനാകില്ല. സർക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ കരാറിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സരിക്കാനാകില്ല. പഞ്ചായത്തിലെയോ നഗരസഭയിലെയോ പണി ഏറ്റെടുക്കുന്നവർക്ക് അയോഗ്യതയില്ല.
കെഎസ്ആർടിസി ജീവനക്കാർ, എം പാനൽ കണ്ടക്ടർ, ഡ്രൈവർ, വൈദ്യുതബോർഡ് ജീവനക്കാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാർ എന്നിവർക്കും മത്സരിക്കാനാകില്ല.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് മൂന്നുമാസത്തിൽ കുറയാതെ തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ആൾക്ക് മത്സരിക്കാനാകില്ല. എന്നാൽ, കേസുകളിൽ പ്രതിയായതുകൊണ്ടുമാത്രം ഒരാളെ മത്സരത്തിൽനിന്നു വിലക്കാനാവില്ല. ഒരാൾ ബധിര-മൂകനാണെങ്കിൽ മത്സരിക്കാനാകില്ല.

