
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ ഭാഗമായ ഗുജറാത്തിലെ സൂറത്തിനും വാപ്പിക്കും ഇടയിലുള്ള 100 കിലോമീറ്റർ ദൂരത്തിൽ 2027 ഓഗസ്റ്റിൽ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ സഞ്ചരിക്കും. 12 സ്റ്റോപ്പുകളിൽ രണ്ടു മണിക്കൂറിൽ മുംബൈ സൂറത്ത് യാത്ര സാധ്യമാകുമെന്നാണ് കണക്കുകൂട്ടൽ. 2029 ആകുമ്പോഴേക്കും മുഴുവൻ പാതയും പ്രവർത്തനക്ഷമമാകും. തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയിൽപ്പെടുന്ന കടലിനടിയിലൂടെയുള്ള തുരങ്കം വഴിത്തിരിവാണ്. ബുള്ളറ്റ് ട്രെയിനുകൾക്ക് രണ്ടു ദിശയിലേക്കും ഇതിലൂടെ ഒരേ സമയം ഓടാനാകുമെന്നതാണ് പ്രത്യേകത. ആധുനിക സുരക്ഷാ ഉപകരണങ്ങൾ തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ 320 കിലോമീറ്ററിലധികം വയഡക്ട് പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ജപ്പാനിലെ ഏറ്റവും പുതിയ ഇ 10 സീരീസ് ഷിങ്കൻസെൻ ട്രെയിനുകൾ സർവീസ് നടത്താൻ സാധ്യതയുണ്ട്. ബുള്ളറ്റ് ട്രെയിൻ സമ്പന്നർക്ക് മാത്രമുള്ളതല്ലെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. മധ്യവർഗത്തിനും ഇതിന്റെ പ്രയോജനം ലഭിക്കുന്ന തരത്തിൽ നിരക്കുകൾ ന്യായമായ നിലയിൽ നിലനിർത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഭാവിയിലെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ബുള്ളറ്റ് ട്രെയിനുകളും ഇതിലൂടെ ഓടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

