
ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ശുപാർശയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) പ്രകാരമാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.1962 ഫെബ്രുവരി 10 ന് ഹരിയാനയിൽ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് 1984 ൽ ഹിസാറിലാണ് തന്റെ നിയമ ജീവിതം ആരംഭിച്ചത്. തുടർന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറി. അവിടെ അദ്ദേഹം വിവിധ ഭരണഘടനാ, സിവിൽ, സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്യുകയും നിരവധി സർക്കാർ സർക്കാരിതര സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.

2000-ൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി അദ്ദേഹം മാറി. 2001-ൽ സീനിയർ അഭിഭാഷകനായി നിയമിതനായി. 2004-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച അദ്ദേഹം 2019 മെയ് മാസത്തിൽ സുപ്രീം കോടതി ജഡ്ജിയായി. 2024 നവംബർ മുതൽ സുപ്രീം കോടതി നിയമ സേവന സമിതിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു.

