
മുനമ്പത്തെ ജനങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി പി രാജീവ്. ഒരാളെപ്പോലും കുടിയിറക്കാൻ അനുവദിക്കില്ല എന്ന സർക്കാർ നിലപാട് മന്ത്രി ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. മുനമ്പത്ത് നല്ല രീതിയിൽ കാര്യങ്ങൾ പോകുന്നു. മുനമ്പം സമരസമിതിക്ക് സർക്കാരിൽ വിശ്വാസമുണ്ട്. സമരസമിതിയുമായി നേരത്തെ സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഈ സാഹചര്യത്തിലാണ്. റവന്യൂ അവകാശം സ്ഥാപിക്കാൻ ഇടപെട്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.‘കരം അടയ്ക്കാൻ അനുവദിക്കണം എന്നാണ് സർക്കാരും കോടതിയിൽ അറിയിച്ചത്. കരം അടക്കാൻ കഴിഞ്ഞതിൽ സന്തോഷം. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരാണ്. ഒരാളെപ്പോലും കുടിയിറക്കാൻ അനുവദിക്കില്ല എന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. നിയമപരമായ എല്ലാ അവകാശങ്ങളും സർക്കാർ സംരക്ഷിക്കും എന്നും വ്യക്തമാക്കിയിരുന്നു. സർക്കാർ നിലപാടിൽ സമരസമിതി പൂർണ്ണ തൃപ്തി അറിയിച്ചു’ – മന്ത്രി പറഞ്ഞു.കോടതി വിധിയെ അടിസ്ഥാനമാക്കിയുള്ള എല്ലാ കാര്യങ്ങളും ഇന്നലെ തന്നെ ആരംഭിച്ചിരുന്നെന്നും പി രാജീവ് പറഞ്ഞു. കപടമായ രീതിയിലോ വൈകാരികമായോ അല്ല സർക്കാർ നിലപാട് സ്വീകരിച്ചത്. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.മുനമ്പം തർക്കഭൂമിയിലെ കൈവശക്കാരുടെ ഭൂനികുതി സ്വീകരിക്കാന് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. ഹർജികളിൽ അന്തിമ വിധി വരുന്നത് വരെയാണ് ഭുനികുതി സ്വീകരിക്കാൻ അനുമതി നൽകിയത്. മുനമ്പത്തെ ഭൂപ്രശ്നം പരിഹരിക്കുന്നതിൽ നിർണ്ണായക നടപടിയായാണ് ഇടക്കാല ഉത്തരവിനെ മുനമ്പം നിവാസികൾ കാണുന്നത്.

