
കണ്ണൂര്: കണ്ണൂർ പാനൂരിൽ കൊലവിളി തുടരുന്നു. ബോംബ് എറിയുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് റെഡ് ആർമി. സിപിഎം സൈബർ ഗ്രൂപ്പായ റെഡ് ആർമിയിലാണ് ഭീഷണി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ലെന്നും എഫ്ബി പോസ്റ്റില് പറയുന്നു. നൂഞ്ഞബ്രം സഖാക്കൾ എന്ന അക്കൗണ്ട് വഴിയാണ് കൊലവിളി. സിപിഎം സ്തൂപം തകർത്ത ലീഗുകാരെ കബറടക്കുമെന്നുമാണ് ഭീഷണി.പാനൂരിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി അക്രമം നടത്തിയ സംഭവത്തിൽ ഇന്നലെ അഞ്ച് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് കണ്ണൂര് പാനൂരിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

25 വർഷങ്ങൾക്കുശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചു. പാറാട് ടൗണിൽ ആഹ്ലാദപ്രകടനം. ഇതിനിടയിലേക്ക് വാഹനങ്ങളിലെത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫുകാർക്ക് നേരെ പാഞ്ഞ് അടുത്തു, കല്ലെറിഞ്ഞു. വടികൾ കൊണ്ട് തല്ലി. ലീഗ് ഓഫീസ് അടിച്ചു തകർത്തു. കല്ലെറിൽ പൊലീസ് ബസിന്റെ ചില്ലുകൾ തകർത്തു. ആൾക്കൂട്ടത്തിന് ഇടയിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞു. യുഡിഎഫ് പ്രവർത്തകരെ തിരഞ്ഞ് വടിവാളുമായി വീടുകളിലേക്ക് പാഞ്ഞ് കയറി. ചിലർക്ക് നേരെ വാളോങ്ങി. അരിശം തീരാഞ്ഞ് നിർത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടി പൊളിച്ചു. മണിക്കൂറുകളോളം പാറാടും പരിസരത്തും സിപിഎം അക്രമിസംഘം അഴിഞ്ഞാടി.

