
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി കെ കെ രമ എംഎൽഎ. പ്രതികൾക്ക് എല്ലാ ആനുകൂല്യങ്ങളും സർക്കാർ കൊടുക്കും, ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പ്രതികളെ വിട്ടയക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് നടന്നുകൊണ്ടിരിക്കുകയാണെന്ന് കെ കെ രമ ട്വന്റി ഫോറിനോട് പറഞ്ഞു.ജയിൽ അധികൃതർ പറയുന്നത് പ്രതികളുടേത് നിയമാനുസൃത പരോൾ ആണെന്നാണ് എന്നാൽ ഇതൊന്നും ജയിലിലെ മറ്റ് തടവുപുള്ളികൾക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണ്? ടി പി വധക്കേസ് പ്രതികളെ സംരക്ഷിക്കണമെന്ന നിലപാടിന്റെ ഭാഗമാണ് ഇതെല്ലാം. കഴിഞ്ഞ ദിവസമാണ് പരോൾ കിട്ടാൻ ജയിൽ സൂപ്രണ്ടിന് കൈക്കൂലി കൊടുത്തുവെന്ന വാർത്ത പുറത്തുവന്നത്. ജയിലിൽ കിടക്കുന്ന കൊടി സുനിയ്ക്ക് ഇത്രയും പണം എവിടെനിന്നാണ്. ഈ ക്രിമിനലുകൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ പുറത്ത് വേറെയും ആളുകളുണ്ട്. ഇതൊക്കെ ആരാണ് ചെയ്യുന്നത്. എല്ലാ മാസവും പ്രതികളുടെ വീട്ടിലേക്ക് പണം എത്തുന്നുണ്ട് അതിനുള്ള എല്ലാ സൗകര്യവും സിപിഐഎം ഒരുക്കി നൽകുന്നുണ്ട്. പ്രതികളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ് ആ ബാധ്യത അവർ നിറവേറ്റും കാരണം സിപിഐഎം അവർക്ക് കൊടുത്ത വാക്കാണത് കെ കെ രമ വ്യക്തമാക്കി.

അതേസമയം, ടി പി വധക്കേസിലെ പ്രതിയകളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് 15 ദിവസത്തെ പരോൾ ലഭിച്ചത്. രണ്ടര മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വഭാവിക പരോൾ ആണ് പ്രതികൾക്ക് ലഭിച്ചതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.കഴിഞ്ഞ ദിവസം നാലാം പ്രതി രജീഷിനും പരോൾ ലഭിച്ചിരുന്നു.ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് ഇഷ്ടംപോലെ പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായുള്ള തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് പരോൾ കിട്ടുന്നത്. പരോളിനും ജയിലിൽ സൗകര്യമൊരുക്കാനും ഡിഐജി വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. 2024 ഡിസംബർ മുതൽ ജൂലായ് വരെ മൂന്ന് പരോളുകളാണ് സുനിക്ക് ജയിൽ വകുപ്പ് അനുവദിച്ചത്.

