
കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് വഴിമാറുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം, സീറ്റ് വിഭജനം തുടങ്ങിയ ചര്‍ച്ചകളിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വഴിമാറി. തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി വന്നത് രാഷ്ട്രീയ കാലാവസ്ഥയ്ക്ക് കൂടുതല്‍ ചൂടുപകരുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുകയെന്ന എ ഐ സി സിയുടെ നിര്‍ദേശം നടപ്പാക്കാനായി അരയും തലയും മുറുക്കി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കയാണ്.കഴിഞ്ഞ രണ്ടുദിവസങ്ങളായി വയനാട് നടന്ന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ നിന്നും ഐക്യസന്ദേശം ഉയര്‍ന്നതോടെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിലേക്ക് നേതാക്കളും പ്രവര്‍ത്തകരും നീങ്ങുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കങ്ങളില്ലാതെ പരിഹരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കുന്നത്. സീറ്റു വിഭജനവും തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി പറയുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളതന്നെയാണ് സി പി ഐ എമ്മിനെതിരെയുള്ള കോൺഗ്രസിന്റെ പ്രധാന ആയുധം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ഒരു പ്രധാന പ്രചരാണയുധമായിരുന്നു. പോറ്റിയെ കേറ്റിയേ… എന്നു തുടങ്ങുന്ന പാരഡിഗാനം ഭരണ കക്ഷിയായ ഇടത് മുന്നണിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സി പി ഐ എം വിലയിരുത്തല്‍. ശബരിമല തിരിച്ചടിക്ക് കാരണമായില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയിരുന്നുവെങ്കിലും ‘ പോറ്റിയെ കേറ്റിയെ..’ എന്ന പാരഡി ഗാനം തിരിച്ചടിക്ക് വഴിയൊരുക്കിയെന്നുതന്നെയാണ് നേതാക്കളുടെ വിലയിരുത്തല്‍. പോറ്റി പാട്ട് പങ്കുവച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.മുഖ്യമന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണന് പോറ്റി നില്ക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യനെ പൊലീസ് അറസ്റ്റു ചെയ്തതും ഇതേ കാരണത്താലായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി കോണ്‍ഗ്രസ് നേതാവായ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച ഫോട്ടോ പുറത്തുവന്നതോടെ സി പി ഐ എം നേതാക്കള്‍ ഇതൊരു ആയുധമാക്കിയിരിക്കയാണ്. യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന വാര്‍ത്തയും സി പി ഐ എമ്മിന് കച്ചിത്തുരുമ്പാണ്.

