
തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലുള്ളത് 1,601 കോടി വിലമതിക്കുന്ന സ്വര്‍ണം. ഏകദേശം 13,98,695 പവന് വരുന്ന ആകെ 1,119.16 കിലോ സ്വര്‍ണമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ളത്. പവന് 1,14,500 രൂപ കണക്കാക്കുമ്പോള്‍ ഇതിന് 1,601 കോടി രൂപയോളം വരും. പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതില്‍ 869 കിലോ സ്വര്‍ണം സ്വര്‍ണനിക്ഷേപ പദ്ധതിപ്രകാരം എസ്ബിഐയില്‍ നിക്ഷേപിച്ചതാണ്. ഡബിള്‍ ലോക്കര്‍ രജിസ്ട്രറില്‍ രേഖപ്പെടുത്തിയ 245.52 കിലോഗ്രാം സ്വര്‍ണവുമുണ്ട്. ഇതിന് പുറമെ സ്വര്‍ണ ലോക്കറ്റുകള്‍ തയ്യാറാക്കാനായി നല്‍കിയതിന്റെ ബാക്കി 4.46 കിലോഗ്രാമുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ മുംബൈ മിന്റിലാണ് സൂക്ഷിച്ചിരിക്കുന്നത്.

