
രക്തസാക്ഷിഫണ്ട് വെട്ടിച്ച എം എല്‍ എയ്ക്കെതിരെ സി പി ഐ എമ്മില്‍ പ്രതിഷേധം ശക്തമാവുന്നു. പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനനെതിരെയാണ് ആരോപണം ശക്തമായിരിക്കുന്നത്. ആര് എസ് എസുക്കാരാല്‍ കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബ സഹായ ഫണ്ട് വെട്ടിച്ചെന്ന ആരോപണമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള പയ്യന്നൂര്‍ മണ്ഡലത്തില്‍ ഫണ്ട് വെട്ടിപ്പ് വിവാദം തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. ടി ഐ മധുസൂദനന് രണ്ടാം വട്ടവും പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാനുള്ള തയ്യാറെടുപ്പുകള്‍ നടക്കവേയാണ് മുന്‍ ഏരിയാ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണന് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആരോപണ വിധേയനായ ടി ഐ മധുസൂദനന് വീണ്ടും മത്സരിക്കാന്‍ തുനിഞ്ഞാല്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങുമെന്നാണ് വി കുഞ്ഞികൃഷ്ണന് വ്യക്തമാക്കുന്നത്. പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കുമ്പോഴും തിരുത്തല്‍ ശക്തിയായി മാറുമെന്നാണ് കുഞ്ഞികൃഷ്ണന് പറയുന്നത്. മറ്റൊരു പാര്‍ട്ടിയിലേക്കും പോവില്ലെന്ന് പറയുമ്പോഴും, ടി ഐ മധുസൂദനനെതിരെ വിമത സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങാനുള്ള സാധ്യതയും പാര്‍ട്ടി നേതൃത്വം മുന്നില്‍ കാണുന്നുണ്ട്. യു ഡി എഫിന് തീരെ ശക്തിയില്ലാത്ത മണ്ഡലമാണ് പയ്യന്നൂര്‍. എന്നാല്‍ വി കുഞ്ഞികൃഷ്ണനെ യു ഡി എഫ് പിന്തുണച്ചാല്‍ സ്ഥിതി മറിച്ചാവും. ഇത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി.
വി കുഞ്ഞികൃഷ്ണന് എഴുതിയ പുസ്തകം ഈ മാസം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അണികള്‍ നേതൃത്വത്തെ തിരുത്തണം എന്നാണ് പുസ്തകത്തിന് നല്‍കിയിരിക്കുന്ന പേര്. കുഞ്ഞികൃഷ്ണന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതിലും കൂടുതല്‍ വിവരങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സി പി ഐ എമ്മിലെ മറ്റു ചില നേതാക്കള്‍ക്കെതിരെയും പുസ്തകത്തില്‍ ആരോപണമുണ്ടെന്നാണ് ലഭ്യമായത്. ഭൂമാഫിയയുമായുള്ള ബന്ധം, ബിനാമി ഇടപാടുകള്‍, തുടങ്ങിയ നിരവധി ആരോപണങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം.

