
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ ഷാജിയും അമ്മായിയമ്മ റഷീദാ ബീവിയും മരിച്ച സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത് കണ്ണൻ. കണവ തോരനും മീൻ മുട്ടയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ചു മടങ്ങിയതിന് പിന്നാലെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലത്ത് നിന്നുള്ള കുടുംബത്തോടൊപ്പം വിഴിഞ്ഞത്തെ ‘അസ്മാക്’ ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഒരു മണിയോടെ ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ റഷീദാ ബീവിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും നാവ് കുഴഞ്ഞ് ശരീരം തളരുകയും ചെയ്തു. തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് ചായ വാങ്ങി നൽകിയെങ്കിലും നിമിഷങ്ങൾക്കകം ഷാജി കടുത്ത രീതിയിൽ ശർദ്ദിക്കാൻ തുടങ്ങുകയായിരുന്നു. ഉടൻ തന്നെ റഷീദാ ബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷാജിയുടെ ഭാര്യ സജീന സമാനമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല എന്നത് മാത്രമാണ് ആശ്വാസം.

