
“ദി കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്” എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവർക്ക് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ബയോളജിസ്റ്റായ ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലാണ് നടപടി. സിനിമയുടെ ടീസർ കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ഹർജിക്കാരൻ ആരോപിച്ചു.
കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളെ പ്രണയക്കെണിയിൽപ്പെടുത്തി മതപരിവർത്തനം നടത്തുകയും രാജ്യത്തിന്റെ ജനസംഖ്യാ ഘടന മാറ്റുകയും ചെയ്യുന്ന തീവ്രവാദികളുടെ കയ്യിൽ അകപ്പെടുന്നതാണ് ടീസറിലുള്ളതെന്ന് ഹർജിക്കാരൻ പറയുന്നു. ടീസറിൽ കഥാപാത്രങ്ങൾ നടത്തുന്ന ചില പ്രസ്താവനകൾ രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ ടീസറിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കഥകളും ഉൾപ്പെടുന്നുണ്ടെങ്കിലും, ‘കേരള സ്റ്റോറി’ എന്ന തലക്കെട്ട് ഈ സംഭവങ്ങൾ കേരളത്തിൽ മാത്രമാണ് നടക്കുന്നതെന്ന തെറ്റായ ധാരണ ഉണ്ടാക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

