
തൃശ്ശൂർ: പ്രശസ്ത മലയാളം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമി ലതയും ഇന്ന് വിവാഹിതരാവും. തൃശ്ശൂരിലെ വേടന്റെ വസതിയിൽ വച്ച് നടക്കുന്ന ലളിതമായ ചടങ്ങിലൂടെയാവും വിവാഹം. സബ് രജിസ്ട്രാർ ഓഫീസിലെ തിരക്ക് പരിഗണിച്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാവും വിവാഹ നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
ഇന്ത്യൻ ഭരണഘടന സാക്ഷിയാക്കി തികച്ചും ലളിതമായ രീതിയിലാണ് വിവാഹം നടക്കുന്നതെന്ന് ഇരുവരും അറിയിച്ചു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. “വളരെ ലളിതമായ രീതിയിൽ വിവാഹിതരാകുന്നു, വളർച്ചയിൽ കൂടെ നിന്ന ഒരുപാട് പേരെ ക്ഷണിക്കാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്, എല്ലാവരുടെയും അനുഗ്രഹം വേണം” എന്ന് വിവാഹത്തിന് മുന്നോടിയായി പുറത്തിറക്കിയ വീഡിയോയിൽ വേടൻ പറഞ്ഞു.
ദീർഘകാലമായി പ്രണയത്തിലായിരുന്നു വേടനും മലപ്പുറം സ്വദേശിയായ നവമിയും. വേടന്റെ സൂപ്പർഹിറ്റ് ഗാനമായ ‘മോണലോവ’ നവമിയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിരുന്നു. വിവാഹം രഹസ്യമായി വെക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒരു പൊതുവേദിയിൽ വെച്ച് ഇക്കാര്യം പ്രഖ്യാപിച്ചതോടെയാണ് വിവാഹവിവരം പുറത്തായത്

