
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെ തിരുവാതിരക്കളി അവതരിപ്പിച്ച് മലയാളി സമൂഹം. കേരള കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് തിരുവാതിര അവതരിപ്പിച്ചത്. പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ദൃശ്യം പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഇസ്രയേലിൽ എത്തിയത്. ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
“കേരളം കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളിക്ക് സാക്ഷ്യം വഹിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹത്വവും അതിനോട് അഭിനിവേശം പുലർത്തുന്നവരുടെ പ്രതിജ്ഞാബദ്ധതയുമാണ് ഈ പ്രകടനം പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ട്”- എന്നാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ച് കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള അത്താഴത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയത് പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച്. തന്റെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകിയതാണെന്ന് വീഡിയോ പങ്കുവച്ച് നെതന്യാഹു ഹിന്ദിയിൽ കുറിച്ചു- “ഞങ്ങളുടെ അത്താഴത്തിന് മുമ്പ്, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ ഞാൻ അത്ഭുതപ്പെടുത്തി” എന്നാണ് നെതന്യാഹുവിന്റെ കുറിപ്പ്. മോദിയുടെ ഇസ്രയേൽ സന്ദർശന വേളയിലാണ് ഇത്. മോദി ഇസ്രയേലിൽ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. പ്രധാനമന്ത്രി മോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച നെതന്യാഹു, 2023 ഒക്ടോബർ 7-നുണ്ടായ ഹമാസ് ആക്രമണങ്ങൾക്ക് ശേഷം ഇസ്രായേലിനുള്ള ഇന്ത്യയുടെ പിന്തുണയെ പ്രശംസിച്ചു.

