
ദില്ലി: പാകിസ്ഥാൻ അതിർത്തിക്ക് സമീപം ഇന്ത്യൻ വ്യോമസേന സൈനിക അഭ്യാസം നടത്താനൊരുങ്ങുന്നു. മാർച്ച് 5 മുതൽ 12 വരെ രാജസ്ഥാൻ-സിന്ധ് അതിർത്തി മേഖലയിലെ സൗത്ത് സെക്ടറിലാണ് ഈ വ്യോമാഭ്യാസം ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യ ‘നോട്ടാം’ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ നീക്കത്തിൽ പാകിസ്ഥാൻ ആശങ്കയിലാണ്. ഇന്ത്യ നോട്ടാം മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ പാകിസ്ഥാന്റെ പ്രതിരോധ വിഭാഗം കനത്ത ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ. അറിയിപ്പ് വന്നതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി പാകിസ്ഥാൻ കൂടുതൽ വ്യോമ-കരസേനാ വിഭാഗങ്ങളെ അതിർത്തിയിൽ സജ്ജമാക്കിയതായാണ് റിപ്പോർട്ടുകൾ.
രാജസ്ഥാൻ, സിന്ധ് മേഖലകളിൽ ഇരു രാജ്യങ്ങളും സൈനിക അഭ്യാസങ്ങൾ നടത്താറുള്ളതാണ്. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷം നോട്ടാം മുന്നറിയിപ്പ് നൽകി ഇടയ്ക്കിടെ സൈനികാഭ്യാസം നടത്തുന്നതിനെ പാകിസ്ഥാൻ ജാഗ്രതയോടെയാണ് കാണുന്നത്. അഫ്ഗാനിസ്ഥാൻ, ഇറാൻ അതിർത്തികളിൽ പാക് സൈന്യം നിലവിൽ നിരീക്ഷണം നടത്തുന്നുണ്ട്. അറബിക്കടലിലും നിരീക്ഷണം ആരംഭിച്ചിരുന്നു. ഇതിനിടെ അതിർത്തിയിൽ ഇന്ത്യ ‘നോട്ടാം’ മുന്നറിയിപ്പ് പുറപ്പെടുവിച്ചത് പാകിസ്ഥാൻ സൈന്യത്തെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. മേഖലയിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുടെ പുതിയ സൈനിക അഭ്യാസം പാക് പ്രതിരോധവകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
അതിനിടെ ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന ആരോപണവുമായി പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ നേതാക്കൾ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ഇന്ത്യ സമാധാന ചർച്ചയിലേക്ക് മടങ്ങി വരണമെന്നും പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുവേ സർദാരി ആവശ്യപ്പെട്ടു. യുദ്ധം ചെയ്യുക എന്നതിൽ നിന്നും പിന്മാറി സമാധന ചർച്ചകൾക്ക് മുൻഗണന നൽകണം. പ്രാദേശിക സുരക്ഷയ്ക്കുള്ള ഏക മാർഗം അതാണ് എന്നായിരുന്നു ആസിഫ് അലി സർദാരിയുടെ പ്രസ്താവന.

