
എറണാകുളം അങ്കമാലിയിൽ വിദ്യാർഥി ജാസ്ലിയ ജോൺസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ സിറിയകിന്റെ ബന്ധുവീട്ടിൽ അടക്കം അങ്കമാലി പൊലീസ് പരിശോധന നടത്തിയിരുന്നു.അപകടമുണ്ടാക്കി ദിവസങ്ങൾ ആയിട്ടും പ്രതിയെ പിടികൂടാത്തതിൽ ഇന്നലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു. എടവനക്കാട് സ്വദേശിയായ ജാസ്ലിയയുടെ അവയവങ്ങൾ 4 പേർക്കാണ് പുതുജീവനേകിയത്.
അങ്കമാലി മോണിംഗ് സ്റ്റാർ കോളജിലെ രണ്ടാം വർഷ ബിരുദ്ധ വിദ്യാർഥിനിയാണ് ജാസ്ലിയ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഫെബ്രുവരി 28ന് രാത്രി തിരികെ ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടയിൽ ജാസ്ലിയയെ വാഹനം ഇടിച്ചു തെറിപ്പിക്കുന്നത്. ഗുരുതരമായി പരുക്കുപറ്റി ചികിത്സയിലിരിക്കെയാണ് ജാസ്ലിയ മരണത്തിന് കീഴടങ്ങിയത്.

