
സിപിഐഎം നേതൃത്വത്തിനെതിരെ പരസ്യ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം. അനുനയ ചർച്ചകൾ സമ്മതിച്ച് ജനറൽ സെക്രട്ടറി എം എ ബേബി. ജി സുധാകരൻ പറഞ്ഞത് പരിഭവമാണ് അദ്ദേഹം പാർട്ടിയുടെ കരുത്താണെന്നും, പാർട്ടിയ്ക്ക് പ്രയാസമുണ്ടാകുന്ന ഒന്നും ജി സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും എം എ ബേബി പ്രതികരിച്ചു.പ്രശ്നങ്ങൾ ഉണ്ടെന്ന് മാധ്യമങ്ങളാണ് ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ പരിഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവതരിപ്പിച്ചുവെന്ന് മാത്രമേയുള്ളൂ. താനടക്കമുള്ള നേതാക്കൾ അദ്ദേഹവുമായി സംസാരിക്കുന്നുണ്ട്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും സിപിഐഎമ്മിന് സഹായകരമാകുന്ന വിധത്തിൽ അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി കൂട്ടിച്ചേർത്തു.അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജി. സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. മെമ്പർഷിപ്പ് പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അനുനയ നീക്കത്തിൽ ജി സുധാകരൻ വഴങ്ങിയില്ല. പാർട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. വിഷയത്തിൽ എം എ ബേബിയോ മുഖ്യമന്ത്രിയോ ഇടപെടണം എന്ന നിലപാടിലാണ് ജി സുധാകരൻ. വർഷങ്ങളായി പാർട്ടിയിൽ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്ന് തുറന്നു പറഞ്ഞായിരുന്നു വിമർശനം. ഫെബ്രുവരി 28ന് എം വി ഗോവിന്ദൻ നടത്തിയ ഈ പരാമർശമാണ് ജി സുധാകരനെ ചൊടുപ്പിച്ചത്. നാളുകളായി ജില്ലാ നേതൃത്വത്തിൽ നിന്ന് നേരിടുന്ന അവഗണനയ്ക്ക് പുറമേ സംസ്ഥാന സെക്രട്ടറി കൂടി തള്ളിപ്പറഞ്ഞതോടെ ജി സുധാകരൻ പൊട്ടിത്തെറിക്കുകയായിരുന്നു.

