
എറണാകുളം: ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡ് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ടുകറി കഴിച്ചതിന് പിന്നാലെ എൽജിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
മുൻപ് ഞണ്ട് കഴിച്ചപ്പോൾ അലർജി ഉണ്ടായതിനെത്തുടർന്ന് എൽജിൻ ഇത് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. എന്നാൽ വളരെ കാലത്തിന് ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച വീണ്ടും കഴിച്ചത്. ഭക്ഷണം കഴിച്ചതിന് ശേഷം കിടക്കാൻ നേരം കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
പരേതനായ ജൂഡിന്റെയും അന്ന ജൂഡിന്റെയും മകനാണ്. ഭാര്യ: നിമ്മി. മകൾ: സെറാ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30-ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും.

