
പശ്ചിമേഷ്യയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലും കടുത്ത ഇന്ധന ക്ഷാമം തുടരുന്ന സാഹചര്യത്തിൽ പ്രവർത്തി ദിനം നാലാക്കി വെട്ടിച്ചുരുക്കി. ശ്രീലങ്കയിൽ നിലവിൽ അഞ്ച് ദിവസമാണ് പ്രവൃത്തിദിനം. എല്ലാ ബുധനാഴ്ചകളിലും ശ്രീലങ്കൻ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെയാണ് പ്രവർത്തിദിനം നാലാക്കി ചുരുക്കിയത്.
പുതിയ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും ഈ അവധി ബാധകമായിരിക്കും. സ്വകാര്യ മേഖലയിലും ബുധനാഴ്ച അവധി നൽകാൻ സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി എല്ലാ പൊതു പരിപാടികളും നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
പൂർണ്ണമായും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക. അതുകൊണ്ട് തന്നെ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം നല്ല രീതിയിൽ രാജ്യത്തെ ബാധിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ റേഷനായാണ് ഇന്ധനം വിതരണം ചെയുക. ഓരോ യാത്രാവാഹനത്തിനും ആഴ്ചയിൽ 15 ലിറ്റർ പെട്രോളോ ഡീസലോ മാത്രമായിരിക്കും ലഭിക്കുക. അതേസമയം പൊതുഗതാഗതത്തിന് 200 ലിറ്റർ വരെ അനുവദിച്ചിട്ടുണ്ട്.

