
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതിനെത്തുടർന്ന് രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനികൾ വില വർധിപ്പിച്ചു. നയാര എനർജിക്ക് പിന്നാലെ പ്രമുഖ വിതരണക്കാരായ ഷെൽ ഇന്ത്യയും ഏപ്രിൽ 1 മുതൽ ഇന്ധനവിലയിൽ വൻ വർധനവ് വരുത്തി. ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.
പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിച്ചത്. ഇതോടെ സാധാരണ പെട്രോളിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി. എന്നാൽ ഡീസലിനാണ് ഏറ്റവും വലിയ വിലവർധനവ് രേഖപ്പെടുത്തിയത്. ലിറ്ററിന് 25.01 രൂപയുടെ വർധനവാണ് ഷെൽ വരുത്തിയത്.
ഇതോടെ റെഗുലർ ഡീസൽ ലിറ്ററിന് 123.52 രൂപയായും പ്രീമിയം വേരിയന്റ് 133.52 രൂപയായും ഉയർന്നു. വരും ദിവസങ്ങളിൽ ഡീസൽ വില 148 മുതൽ 165 രൂപ വരെ ഉയർന്നേക്കാമെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർധിപ്പിക്കാതെ മാറ്റമില്ലാതെ തുടരുമ്പോഴും, നഷ്ടം സഹിക്കാൻ കഴിയാത്തതിനാലാണ് സ്വകാര്യ കമ്പനികൾ വില വർധിപ്പിക്കാൻ നിർബന്ധിതരായത്.

