
കാസർകോഡ് 5 വയസുകാരനോടും 13 വയസുകാരനോടും രണ്ടാനച്ഛന്റെ ക്രൂരത. അതി ക്രൂരമായി മർദിച്ചെന്നാണ് കുട്ടികളുടെ മൊഴി. 5 വയസുകാരനെ മർ അയൽവാസി മർദന ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറി. രണ്ടാനച്ഛനായ ഷൗക്കത്തലി അറസ്റ്റിലായി. ഇന്നലെയാണ് സംഭവത്തെക്കുറിച്ചുള്ള പരാതി പൊലീസിന് ലഭിക്കുന്നത്. അയൽവാസി ദൃശ്യങ്ങൾ പകർത്തി പൊലീസിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രണ്ടാനച്ഛൻ കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മർദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വർഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയും താമസിക്കുന്നത്. ഇവരിൽ ഏറ്റവും ഇളയ കുട്ടിക്കാണ് മർദനമേറ്റത്.

യാതൊരു കാരണവുമില്ലാതെയാണ് കുഞ്ഞിനെ ഉപദ്രവിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അയൽവാസി കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് സംഭവം അറിയുന്നതും വീഡിയോ ചിത്രീകരിച്ച് പൊലീസിന് അയച്ചുകൊടുക്കുന്നതും. പൊലീസ് കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. കുഞ്ഞിനെ മർദിക്കുന്നുവെന്ന കാര്യം അപ്പോഴാണ് പിതാവ് അറിയുന്നത്. കുഞ്ഞിനെ വിദഗ്ധ പരിശോധനക്കായി കുട്ടിയെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് മാസം മുമ്പ് വരെ കുട്ടികൾ തനിക്കൊപ്പമായിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുന്നത്. അമ്മ കുട്ടികളെ മർദിക്കാൻ കൂട്ടുനിൽക്കുന്നുവെന്നും കുഞ്ഞുങ്ങളുടെ പിതാവ് ആരോപണമുന്നയിക്കുന്നുണ്ട്. 13ഉം 5ഉം വയസുള്ള കുട്ടികളെ പിതാവിനൊപ്പം വിടാനാണ് പൊലീസിന്റെ തീരുമാനം.

