
കുറ്റ്യാടി: കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെപ്പോലെ സ്ത്രീകള്‍ക്ക് കൂടുതല്‍ അന്തസോടെ ജീവിക്കാന്‍ സാധിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. കര്‍ണാടകയില്‍ ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കിയശേഷം വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേളം പള്ളിയത്ത് കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.കെ ശിവകുമാര്‍.
സര്‍ക്കാര്‍ ബസുകളില്‍ യാത്ര സൗജന്യമാക്കുന്നതോടെ സ്ത്രീകള്‍ക്ക് സ്വന്തം നിലയില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കും. അവര്‍ വീടുകളില്‍ത്തന്നെ കഴിയേണ്ടി വരില്ല. ക്ഷേമപെന്ഷന് 3,000 ആയി ഉയര്‍ത്തുന്നതോടെ സാമൂഹ്യസുരക്ഷ വര്‍ധിക്കും. 25 ലക്ഷം രൂപയുടെ കുടുംബ ഇന്‍ഷുറന്‍സ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. കോളെജ് വിദ്യാര്‍ഥികള്‍ക്കുള്ള ആയിരം രൂപയും സംരംഭകര്‍ക്കുള്ള പലിശരഹിത വായ്പയുമെല്ലാം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്.
വേരിലാണ് മരങ്ങള്‍ ഊന്നിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വേരുകള്‍ സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്നതാണ്. എല്ലാ വിഭാഗം ജനങ്ങളെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. അതുകൊണ്ടാണ് എല്ലാ വിഭാഗം ജനങ്ങളെയും മുന്നില്‍ക്കണ്ട് ഇന്ദിരാ ഗ്യാരണ്ടി ആവിഷ്ക്കരിച്ചത്.
നരേന്ദ്രമോദിയും പിറണറായി വിജയനും തമ്മില്‍ ഒത്തുകളിക്കുകയാണ്. അതുകൊണ്ടാണ് ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് മോദി ഒന്നും പറയാത്തത്. കേരള മുഖ്യമന്ത്രിക്ക് വീട്ടില്‍ വിശ്രമിക്കാന്‍ നമ്മള് അവസരം നല്‍കണമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

