
കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ തിരഞ്ഞെടുപ്പുകളില്‍ കാണാറുള്ള ഭരണത്തിനെതിരെയുള്ള വികാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടാക്കുന്നതാണ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം എവിടെയും പ്രകടമല്ലെന്നും പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തുഷ്ടിയും കാണാനുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രചാരണ രംഗത്ത് പ്രതിപക്ഷം അഴിച്ചുവിട്ട നുണ പ്രചാരണങ്ങള്‍ അവവര്‍ക്ക് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. 2021ല്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ 97 ശതമാനവും പൂര്‍ത്തീകരിച്ചാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് അഭിമാനകരമായ നേട്ടമാണ്. ചെയ്യാന്‍ പറ്റുന്നത് പറയുക പറയുന്നത് ചെയ്യുക. ഇത് കൃത്യമായി പാലിച്ചു പോകുന്നുണ്ട്. വികസനത്തിന് ഒപ്പം ജനങ്ങളുടെ ക്ഷേമവും സര്‍ക്കാര്‍ നോക്കി. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞു. ആ മുന്നേറ്റം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാവി വികസനത്തിലും ശ്രദ്ധിക്കേണ്ട ഘട്ടമാണിത്. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ വിഹിതം കേരളത്തിന് ലഭിക്കുന്നില്ല. ഇത് വികസനത്തെ പ്രതികൂലമായി ബാധിച്ചു. എല്‍ഡിഎഫിനെ എതിര്‍ക്കുന്ന മുന്നണിയില്‍ ഉള്ളവര്‍ പോലും കേരളത്തിന്റെ സ്ഥിരതയും സാമൂഹ്യ നീതിയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണം – അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുള്ള നിയമസഭ സമ്മേളനത്തില്‍ ഒരു ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. യുഡിഎഫ് ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കാര്യമില്ല. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. അതിന് ഇടയാക്കിയത് എല്‍ഡിഎഫിനെ സംസ്കാരമാണ്. 2016ന് മുന്‍പുള്ള കാലം ഓര്‍മയില്ലേ. എന്തോക്കെ ആരോപണങ്ങള്‍ ഉയര്‍ന്നു. അതിന്റെ തുടര്‍ച്ചയായി എല്‍ഡിഎഫ് വന്നപ്പോള്‍ അത്തരത്തിലുള്ള അഴിമതി ആരോപണങ്ങള്‍ ഉണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുള്ള നിയമസഭ സമ്മേളനത്തില്‍ ഒരു ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല – അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളിലും മറുപടിയുണ്ട്. രാഹുല്‍ ഗാന്ധി പറയുന്നത് ഗൗരവത്തിലെടുക്കേണ്ട കാര്യങ്ങളായി വരുന്നില്ല. അബദ്ധജഡിലമായ കാര്യങ്ങളാണ് പറയുന്നത്. നിലവാരമെന്തായാലും കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട പോസ്റ്റിലാണ് അദ്ദേഹം ഇരിക്കുന്നത്. അതിന്റേതായ ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങള്‍ ഉന്നയിക്കാന്‍ തയാറാകണം. അതല്ല അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോണ്‍ഗ്രസിന്റേതല്ലാത്ത ബിജെപി ഇതര മുഖ്യമന്ത്രിമാരോടുള്ള സമീപനം എന്ത് എന്ന് വ്യക്തമായിട്ടുള്ളതാണ്. കെജ്രിവാളിന്റേത് തന്നെയാണ് ഉദാഹരണം. എന്താണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട്. അങ്ങനെ ഒരാള്‍ ഇന്ന് രാജ്യത്താകെയുള്ള ഇടതുപക്ഷത്തിന്റേതായ മുഖ്യമന്ത്രിയെ നരേന്ദ്ര മോദി പറയുന്നില്ലെന്ന് പറയുമ്പോള്‍ അതിന്റെ അസ്വാഭാവികത എത്രയാണെന്ന് ആലോചിക്കേണ്ടതുണ്ട്. കേരളത്തോട് വിവേചനം കാണിക്കുമ്പോള്‍ വികസനമാണല്ലോ തടയപ്പെടുന്നത്. 2016വരെ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി നേതൃത്വം വഹിച്ച മുന്നണി കേരളത്തില്‍ മാറി മാറി അധികാരത്തിലിരുന്നിട്ടുണ്ടല്ലോ. അങ്ങനെയൊരു മുന്നണിയും അതിന് നേതൃത്വം കൊടുത്ത രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയും കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര ഗവണ്മെന്റ് സമീപനം വന്നപ്പോള്‍ അതിനെതിരെ അരയക്ഷരം സംസാരിച്ചോ. എന്തായിരുന്നു ബിജെപിക്ക് എതിരെ സംസാരിച്ചുകൂട എന്ന നിര്‍ബന്ധം. ഞങ്ങള്‍ ആ പ്രശ്നങ്ങള്‍ ഉയര്ത്തിയല്ലോ – അദ്ദേഹം പറഞ്ഞു.

ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ പാപ്പരത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെയാണ് അവരുടെ നില. ബിജെപിയുടെ നേതൃനിരയില്‍ 30 ശതമാനം പേരെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് പോയവരായിരിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ഒക്കെ എവിടെയാണ് ഇരിക്കുന്നത്.
പഴയ കാലത്ത് തന്നെ കോണ്‍ഗ്രസിന് ഇത്തരം ഒരു സംസ്കാരം ഉണ്ടായിരുന്നു. ഇഎംഎസ് പട്ടാമ്പിയില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കണം എന്നുണ്ടായിരുന്നു. അന്ന് ജനസംഘത്തിന്റെ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു. അന്ന് ദീന് ദയാല്‍ ഉപാധ്യായ കോണ്‍ഗ്രസ് സ്ഥാനാര്‍ജിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു. എകെജിയെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസ് കാര്യവാഹിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. 2016ല്‍ ഒ രാജാഗോപാലിനു അക്കൗണ്ട് തുറന്നത് എങ്ങനെയാണ്. അതിന്റെ അടുത്ത മണ്ഡലത്തില്‍ ബിജെപി വോട്ടും കാണാനില്ല. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ 85000 വോട്ട് എവിടെ പോയി. ഡീല്‍ ഞങ്ങള്‍ക്ക് അണിയാന്‍ പറ്റുന്ന കുപ്പായം അല്ല, കോണ്‍ഗ്രസിന് അണിയാന്‍ പറ്റുന്നതാണ് – അദ്ദേഹം വ്യക്തമാക്കി.

