
ഇറാൻ – യുഎസ് സമാധാന ചർച്ചകൾക്ക് വേദിയാകാനിരിക്കുന്ന പാകിസ്ഥാനും ഇസ്രയേലും തമ്മിൽ കടുത്ത നയതന്ത്ര തർക്കം. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ഇസ്രയേലിനെതിരെ നടത്തിയ പരാമർശങ്ങളാണ് തർക്കത്തിന് കാരണം. ഇസ്രയേൽ ലെബനനിൽ ‘വംശഹത്യ’ നടത്തുകയാണെന്ന മന്ത്രിയുടെ ആരോപണം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി.
ഇസ്രയേലിനെ “മനുഷ്യരാശിയുടെ ശാപം” എന്നും “തിന്മയുടെ പ്രതീകം” എന്നും വിശേഷിപ്പിച്ച ഖവാജ ആസിഫ്, പലസ്തീൻ ഭൂമിയിൽ ഇസ്രയേൽ എന്ന ‘കാൻസർ’ രൂപപ്പെടുത്തിയവർ നരകത്തിൽ എരിയട്ടെ എന്നും എക്സിൽ കുറിച്ചു. എന്നാൽ ഇസ്രായേലിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു.
പാകിസ്ഥാന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സമാധാന ചർച്ചകളിൽ നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന പാകിസ്ഥാൻ ഇസ്രായേലിനെ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ പറഞ്ഞു.
യുഎസ് – ഇറാൻ വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ നിഷ്പക്ഷത ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ലെബനൻ പ്രധാനമന്ത്രി നവാഫ് സലാമും ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്ഥാൻ്റെ സഹായം തേടിയിരുന്നു. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെ, നിലവിലുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകൾ കടത്തിവിടുന്നതിൽ ഇറാൻ വീഴ്ച വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. “ഇതല്ല നമ്മൾ തമ്മിലുള്ള കരാർ” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സാധാരണ ദിവസങ്ങളിൽ 140 കപ്പലുകൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ ഒരു എണ്ണക്കപ്പൽ മാത്രമാണ് കടന്നുപോയത്. ലെബനനിലെ ഇസ്രായേൽ ആക്രമണം തുടരുന്നതാണ് വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിലെ പ്രധാന തടസ്സമെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു.

