
പേരാമ്പ്രയിലെ സ്ട്രോങ് റൂം വിവാദത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍. സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും ‘മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവിഎം പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.
യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്സാദ് കെ എന്നയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും കളക്ടര്‍ വ്യക്തമാക്കി. സ്ട്രോങ് റൂം ഒന്നാം നിലയിലാണ്. തുറന്നത് രണ്ടാം നിലയിലുള്ള മെറ്റീരിയില്‍ റൂമാണ് തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയാലായിരുന്നു സംഭവം. സ്ട്രോങ് റൂം അനധികൃതമായി തുറന്നു എന്നാരോപിച്ച് കോൺഗ്രസ് ആണ് രംഗത്തെത്തിയത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചിരുന്നു.
സംഭവത്തിൽ പ്രതികരിച്ച് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയ രംഗത്തെത്തിയിരുന്നു. രാവിലെ എട്ട് മണിക്ക് റിട്ടേണിങ് ഓഫീസര്‍ ഫോണില്‍ വിളിച്ച് ഒന്‍പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞിരുന്നു. കാരണം രേഖാമൂലം നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും 11 മണി ആയപ്പോള്‍ പ്രതിനിധിയെ അയച്ചെന്നും തെഹ്ലിയ പറഞ്ഞു. തൊട്ടു പിന്നാലെ മുറി തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള റിട്ടേണിങ് ഓഫീസറുടെ മെയില്‍ ലഭിച്ചു. താന്‍ എത്തിയപ്പോഴേക്കും റൂം തുറന്നിരുന്നു. റിട്ടേണിങ് ഓഫീസറുടെ ജാഗ്രത കുറവാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയതെന്നും ഫാത്തിമ തെഹ്ലിയ ആരോപിച്ചിരുന്നു.
സംഭവത്തിൽ വിശദീകരണവുമായി പേരാമ്പ്ര റിട്ടേണിങ് ഓഫീസറും രംഗത്തെത്തിയിരുന്നു. ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു പേരാമ്പ്ര റിട്ടേണിങ് ഓഫീസര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫീസർ വ്യക്തമാക്കിയിരുന്നു.

