
വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെ എന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിലക്കയറ്റം മൊത്തത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആഘാതം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞത്. കുറച്ച് ദിവസം കൂടി ലഭിച്ചാല്‍ മാത്രമേ അതില്‍ തീരുമാനം പറയാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍ വിലവര്‍ധനവ് അടക്കം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് ചെയ്തു
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ പി ധനപാലനും കെ പി ഉണ്ണികൃഷ്ണനും ആദരമര്‍പ്പിച്ചുകൊണ്ടാണ് സഭ ആരംഭിച്ചത്. ഇതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും നടന്നു. ഇതിന് പിന്നാലെയാണ് വിലക്കയറ്റം ഉയര്‍ത്തി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസിലെ ചില ഭാഗങ്ങള്‍ ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില ഒന്നോ, രണ്ടോ പ്രാവശ്യമല്ല കൂടിയത്. നാല് പ്രാവശ്യമാണ് വില വര്‍ധനവ് ഉണ്ടായത്. ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നിരന്തരം പെട്രോള്‍ വില കൂട്ടുന്നത്. ഏത് സമയത്തും വർധനവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിലവര്‍ധനവ് താഴേയ്ക്ക് പോയിട്ട് ചര്‍ച്ച ചെയ്യാം എന്ന് പറയുന്നത് ശരിയല്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഹോട്ടലുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്. വിലവര്‍ധനവ് വരുമ്പോള്‍ മുന്‍പ് എങ്ങനെയാണ് ചെയ്തിരുന്നത്. അന്നത്തെ മുഖ്യമന്ത്രി നികുതിയിളവ് ആവശ്യപ്പെട്ട് സമരം ചെയ്ത ആളാണ്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ അഭിപ്രായം പറയേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ വലിയ കൊള്ളയാണ് നടത്തുന്നതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പാചകവാതകത്തിന് സബ്സിഡി കൊടുക്കണം. ഭരണപക്ഷത്ത് ഇരുന്നപ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും തങ്ങള്‍ക്ക് ഇതേ നിലപാടാണ്. 2018 ല്‍ നിരന്തരമായി വിലവര്‍ധനവ് വന്നപ്പോള്‍ തങ്ങള്‍ നികുതിയിളവ് കൊടുത്തിട്ടുണ്ട്. കേന്ദ്രത്തിനെതിരെ അന്ന് സര്‍ക്കാര്‍ നടത്തിയ സമരത്തിന് യുഡിഎഫ് പിന്തുണ നല്‍കിയിരുന്നില്ല. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

