
കടത്തനാട് വോളി പൈതൃകത്തിൻ്റെ ഉന്നമനത്തിനായി സമഗ്ര കർമ്മപദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് 45 അംഗ വോളണ്ടറി കർമ്മ സമിതി രൂപീകൃതമായി. യുണൈറ്റഡ് വടകര വോളി (UVV) ടാസ്ക് ഫോഴ്സ് എന്ന് നാമകരണം ചെയ്യപ്പെട്ട സമിതിയുടെ പ്രാരംഭ മീറ്റിംഗ് മേപ്പയിൽ ഐപിഎം അക്കാദമിയിൽ നടന്നു. കളിക്കാരും സംഘാടകരും വോളി പ്രേമികളും അടങ്ങുന്ന UVV ടാസ്ക് ഫോഴ്സിൻ്റെ പ്രധാന ഭാരവാഹികൾ രമേശൻ പാലേരി (ചെയർമാൻ), സതീശൻ മാസ്റ്റർ (വൈസ് ചെയർമാൻ), നരേന്ദ്രൻ കൊടുവട്ടാട്ട് (ജനറൽ കൺവീനർ), ഷീജിത്ത് വി എം (ജോയിൻ്റ് കൺവീനർ) എന്നിവരാണ്. യുവ പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുക, കളിക്കളങ്ങളെ സംരക്ഷിച്ചു വികസിപ്പിക്കുക, വോളി കരിയർ സാധ്യതകളെപ്പറ്റി ബോധവത്കരണം നടത്തുക, കോച്ചിംഗ് ശക്തിപ്പെടുത്തുക എന്നീ 4 ലക്ഷ്യങ്ങൾക്കായി രഞ്ജുമോൻ, പ്രസാദ്, പ്രതോഷ്, ഷീജിത്ത് എന്നിവർ കൺവീനർമാരായ സബ് കമ്മിറ്റികൾ രൂപീകരിച്ചു. വി സേതുമാധവൻ, പി ഹരീന്ദ്രനാഥ്, പി പി രാജൻ, മൂസ നാസർ, ടി പി രാധാകൃഷ്ണൻ, ടി പി ബിനീഷ്, പ്രദീപൻ, സി വി വിജയൻ, ശ്രുതി, നൗഷാദ് മുതലായവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

