
നി സഹയാത്രികൻ അല്ല പാർട്ടിയുടെ ഭാഗമെന്ന് കെടി ജലീൽ താനും ഭാര്യയും സിപിഐഎം പാർട്ടി അംഗത്വം എടുക്കുന്നുവെന്ന് സ്ഥിരീകരിച്ച് കെടി ജലീൽ. പ്രസ്ഥാനത്തിന്റെ പ്രതിസന്ധി കാലത്ത് ഒപ്പം ചേരുകയെന്ന് സാമൂഹിക ഉത്തരവാദിത്വം. മതാചാരങ്ങൾ പിന്തുടരുന്ന ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം എടുക്കാനാകില്ലെന്ന് വ്യാപക വ്യാജ പ്രചരണമുണ്ട്. അതിനെതിരായ പ്രതിരോധം കൂടിയാണ് തന്റെ പാർട്ടി അംഗത്വമെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
എൻ്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ. എം. 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തിൽ പകർത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തിൽ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എൻ്റെയും സഹധർമ്മിണിയുടെയും പാർട്ടി പ്രവേശമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്
ഇനി സഹയാത്രികനല്ല
പാർട്ടിയുടെ ഭാഗം
എൻ്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ(എം). 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാർട്ടി സെക്രട്ടറിയായ സ: പിണറായി വിജയൻ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദൻ മാസ്റ്റർ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പി.ഐ(എം) എന്നിലർപ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാർശചെയ്യിക്കാതെയും മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി 4 പ്രാവശ്യം എം.എൽ.എയും അഞ്ചുവർഷം മന്ത്രിയുമാക്കിയ പാർട്ടിയോട് എക്കാലവും ഞാൻ കടപ്പെട്ടിരിക്കും.

