
നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനത പാർട്ടി രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച പ്രതിഷേധം ഇന്ന്. ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം നയിക്കാൻ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഉടൻ ഡൽഹി വിമാനത്താവളത്തിൽ എത്തും. പ്രതിഷേധക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപി വക്താക്കൾ ട്വന്റിഫോറിനോട് പറഞ്ഞു. പിന്തുണയ്ക്കുന്നവർക്ക് സ്വാഗതമെന്നും കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. പ്രതിഷേധത്തെ നേരിടാൻ വൻ തയ്യാറെടുപ്പുകളാണ് ഡൽഹി പൊലീസ് നടത്തിയിരിക്കുന്നത്.
പ്രതിഷേധക്കാരോട് ശാന്തമായി ഇടപെടാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.ന്യൂഡൽഹി ജില്ലയെ 12 സോണുകൾ ആയി വിഭജിച്ച് 12 ഡിസിപി മാർക്ക് ചുമതല നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വീടുകൾക്ക് സുരക്ഷാ വർധിപ്പിച്ചു. ജന്തർ മന്തറിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി. ആറ് ജോയിന്റ് കമ്മീഷണർമാർ,14 ഡിസിപിമാർ, 32 എസ്പിമാർ, 300 സിഐമാർ എന്നിവർക്ക് പ്രത്യേക ചുമതല നൽകി. 20 കമ്പനി അധിക പൊലീസനെ വിന്യസിച്ചു.
പ്രതിഷേധത്തിനായി ആളുകൾ എത്തിത്തുടങ്ങി. ഉത്തർപ്രദേശിൽ നിന്നും മുംബൈയിൽ നിന്നും ഉൾപ്പെടെയാണ് സിജെപിക്ക് പിന്തുണയുമായി എത്തുന്നത്. ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പഞ്ചാബിൽ നിന്നുള്ള വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്ന് റിപ്പോർട്ടുണ്ട്.
ഡൽഹി വിമാനത്താവളത്തിലും കർശന സുരക്ഷ ഏർപ്പെടുത്തി. വിമാനത്താവളത്തിൽ 500ൽ ഏറെ പൊലീസുകാരെയും കേന്ദ്രസേന അംഗങ്ങളെയും വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ ബാരിക്കേഡ് നിരത്തി.

