
തുടർച്ചയായ 11-ാം ദിവസവും ഇറാനിൽ ആക്രമണം നടത്തി അമേരിക്ക.ചൊവ്വാഴ്ച രാത്രി ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM). ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരായ ഇറാന്റെ ഭീഷണി ചെറുക്കുന്നതിനും ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുന്നതിനുമാണ് ആക്രമണങ്ങളെന്നാണ് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ സൈനിക ഓപ്പറേഷൻ കേന്ദ്രങ്ങൾ, നാവിക സൈനിക ശേഷികൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്നാണ് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച 30-ലധികം വാണിജ്യ കപ്പലുകളെ ഇറാൻ ആക്രമിച്ചതായും ഇതിലൂടെ നൂറുകണക്കിന് നിരപരാധികളായ നാവികരുടെ സുരക്ഷ അപകടത്തിലായെന്നും സമുദ്രഗതാഗത സ്വാതന്ത്ര്യം ദുർബലമായെന്നും യു എസ് സെൻട്രൽ കമാൻഡ് ആരോപിച്ചു. നിലവിലെ സംഘർഷാവസ്ഥയിലും ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് തുറന്നുകിടക്കുകയാണെന്നും അമേരിക്ക അവകാശപ്പെട്ടു. മെയ് ആദ്യം മുതൽ ഏകദേശം 900 വാണിജ്യ കപ്പലുകളുടെയും 450 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലിന്റെയും സുരക്ഷിതമായ യാത്രയ്ക്ക് അമേരിക്കൻ സേന സഹായം നൽകിയതായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രിസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സൈനിക കേന്ദ്രത്തിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതായാണ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം പുലർച്ചെ 2.40-ഓടെ നടന്ന ആക്രമണം നഗരത്തിന് സമീപത്തെ സൈനിക മേഖലയെയാണ് ലക്ഷ്യമിട്ടതെന്നാണ് പ്രദേശിക അധികൃതരെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ ബെഹ്ബഹാൻ, ഒമീദിയെ നഗരങ്ങൾക്ക് സമീപമുള്ള മേഖലകളിലും അമേരിക്കൻ മിസൈൽ ആക്രമണം ഉണ്ടായതായും ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെഹ്റാന്റെ പടിഞ്ഞാറ്, കിഴക്ക്, വടക്കുകിഴക്ക് മേഖലകളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായതിന്റെ ശബ്ദം കേട്ടതായാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷനായ ഐആർഐബി റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണകാരനെ ശിക്ഷിക്കുന്ന സൈനിക നടപടി തുടരുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ശൃംഖലയായ ഐആർഐബി സംപ്രേഷണം ചെയ്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക തുടർച്ചയായി 11-ാം രാത്രിയും ഇറാനിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഐആർജിസിയുടെ പ്രതികരണം.

