
വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും പ്രതികളായ കെ കെ മഹേശന്റെ ആത്മഹത്യാ പ്രേരണക്കേസിന് വീണ്ടും ജീവന്‍വെയ്ക്കുന്നു. പിണറായി സര്‍ക്കാര്‍ അന്വേഷണം മരവിപ്പിച്ച കേസില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ വരവോട ശക്തമായ സര്‍ക്കാര്‍ ഇടപെടലിന് കളമൊരുങ്ങുകയാണ്. മൈക്രോഫിനാന്‍സ് തട്ടിപ്പിലെ വെള്ളാപ്പള്ളി നടേശന്റെ പങ്ക് വെളിപ്പെടുത്തിയതിന്റെ പേരില്‍ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് പരസ്യമാക്കിയാണ്, എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്ററും ആയിരുന്ന മഹേശന് 2020 ജൂണ്‍ 24ന് ജീവനൊടുക്കിയത്. ജീവനൊടുക്കാനായി ഒരു മാസത്തോളം വരുന്ന തയ്യാറെടുപ്പായിരുന്നു മഹേശന് നടത്തിയത്. 32 പേജുള്ള ആത്മഹത്യാ കുറിപ്പാണ് മഹേശന് എഴുതിവെച്ചത്. കേസില്‍ സാക്ഷികള്‍ ഒട്ടേറെയുണ്ടായിരുന്നു. ആറ് വര്‍ഷമായിട്ടും കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല.
‘എന്റെ ജീവിതം എന്റെ നേതാവ് വെള്ളാപ്പള്ളി സാറിനും എന്റെ സുഹൃത്ത് കെ എല്‍ അശോകനുമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന് നേതാക്കന്മാര്ക്ക് വേണ്ടി ഹോമിക്കുന്നു’, താന്‍ സെക്രട്ടറി ആയിരുന്ന കണിച്ചുകുളങ്ങര എസ്എന്‍ഡിപി യോഗം ഓഫീസില്‍ കെ കെ മഹേശന് ജീവനൊടുക്കിയതിന് പിന്നാലെ പൊലീസ് കണ്ടെടുത്ത ഈ ആത്മഹത്യാ കുറിപ്പിന്റെ പേരിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വി കെ നടേശന് എന്ന വെള്ളാപ്പള്ളി നടേശന്, മാനേജര്‍ കെ എല്‍ അശോകന്, വി എന്‍ തുഷാര്‍ എന്ന തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ പ്രതികളാകുന്നത്. ആത്മഹത്യക്ക് സ്വതവേ രജിസ്റ്റര്‍ ചെയ്യുന്ന അസ്വാഭാവിക മരണത്തിനുള്ള കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍, മഹേശന്റെ കുടുംബം ഹൈക്കോടതി വരെ പോയി ഉത്തരവ് വാങ്ങിയാണ് വെള്ളാപ്പളി അടക്കമുള്ളവരെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് മാരാരിക്കുളം പൊലീസിനെ കൊണ്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചത്.

