
കുറ്റ്യാടി: നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് തിരുവള്ളൂർ ചാനിയം കടവിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വ്യാപാരി താഴെ കുറ്റിയിൽ യൂസുഫിന് വീണ്ടും ശാസ്ത്രക്രിയ നടത്തി. കാലിലേറ്റ പരിക്കിനാണ് വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നത്. ചാനിയംകടവിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞു വെച്ച് സിപിഎം പ്രവർത്തകർ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും സ്വർണവും മൊബൈൽ ഫോണും കവർന്നെന്നുമായിരുന്നു യൂസുഫിന്റെ പരാതി. കേസിൽ മൂന്ന് പ്രതികളെ പോലീസ് റിമാൻഡ് ചെയ്തെങ്കിലും പിന്നീട് അന്വേഷണത്തിലും നഷ്ടപ്പെട്ട മൊബൈൽഫോണും സ്വർണവും കണ്ടെത്തുന്നതിലും വടകര പോലീസ് നിഷ്ക്രിയത പാലിച്ചുവെന്ന് യൂസുഫ് ആരോപിച്ചു. അമ്പത് ദിവസമായിട്ട് നടക്കാനാവാത്ത സ്ഥിതിയിലാണ് യൂസുഫ്. ശസ്ത്രക്രിയക്ക് ശേഷം ആറാഴ്ചയോളം വീണ്ടും വിശ്രമിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് യൂസുഫ് ചികിത്സ തേടിയിട്ടുള്ളത്. കേസിൽ സിപിഎം പ്രവർത്തരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് വലിയ ആക്ഷേപമുയർന്നിരുന്നു

