
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യു പി നോയിഡ സ്വദേശി സൗരവ് (24) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ലോൺ ആപ്പ് ടെലികോളറാണ് അറസ്റ്റിലായ പ്രതി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ മൂന്നു പേർ അറസ്റ്റിൽ ആയിരുന്നു. ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികൾ ആയ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവർ ആണ് നേരത്തെ അറസ്റ്റിൽ ആയത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി,പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, രാജിന്റെ മരണത്തിൽ ഡോക്ടർ റാമിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയിൽ ഡോ. റാം മുൻകൂർ വാദിച്ചത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിതിൻരാജ് ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് മാസം കഴിഞ്ഞു. കഴിഞ്ഞ ഏപ്രിൽ 10നാണ് നിതിൻ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മരണത്തിന് കാരണക്കാരായ പ്രതികൾ ഇപ്പോഴും നിയമത്തിന് മുന്നിൽ വരാത്തതിൽ കുടുംബത്തിന് വലിയ പ്രതിഷേധമുണ്ട്. കേസിലെ ഒന്നാം പ്രതിയും കോളജ് അധ്യാപകനുമായിരുന്ന ഡോ. എം.കെ. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ വാക്കാൽ നിർദ്ദേശമുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

